ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര പൊതുസേവന പുരസ്‌കാരം സൗദി അറേബ്യയുടെ ‘സദ്‍യ’യ്ക്ക്
text_fieldsറിയാദ്: ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിതബുദ്ധി) മേഖലകളിൽ കൈവരിച്ച സമാനതകളില്ലാത്ത പുരോഗതിക്ക് ആഗോള അംഗീകാരവുമായി സൗദി അറേബ്യ. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ (സദ്‍യ) രണ്ട് പ്രമുഖ ഡിജിറ്റൽ സംരംഭങ്ങളായ ‘നാഷനൽ ഡാറ്റ ബാങ്കും’, ‘ഇസ്തിശ്റാഫ്’ പ്ലാറ്റ്‌ഫോമും 2026-ലെ ഐക്യരാഷ്ട്രസഭയുടെ അഭിമാനകരമായ പൊതുസേവന അവാർഡിന് അർഹമായി.
ലോകമെമ്പാടുമുള്ള 62 രാജ്യങ്ങളിൽ നിന്നായി 700-ലധികം പ്രമുഖ സംരംഭങ്ങൾ പങ്കെടുത്ത ശക്തമായ രാജ്യാന്തര മത്സരത്തിനൊടുവിലാണ് സൗദി അറേബ്യ ഈ നേട്ടം സ്വന്തമാക്കിയത്. സർക്കാർ മേഖലയിലെ നൂതനമായ പ്രവർത്തന മികവിനും, പൊതുജന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന മികച്ച ഡിജിറ്റൽ ആശയങ്ങൾക്കും നൽകപ്പെടുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ബഹുമതികളിൽ ഒന്നായാണ് യു.എന്നിെൻറ ഈ പുരസ്‌കാരം കണക്കാക്കപ്പെടുന്നത്.
ഡാറ്റാ ഗുണനിലവാരം ഉറപ്പുവരുത്തുക, വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള വിവര കൈമാറ്റം സുഗമമാക്കുക എന്നിവയിലൂടെ മികച്ച തീരുമാനങ്ങളെടുക്കാനും രാജ്യത്തിെൻറ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമായി വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട ദേശീയ പദ്ധതിയാണ് നാഷനൽ ഡാറ്റ ബാങ്ക്.
ഇതോടൊപ്പം നിർമിതബുദ്ധിയുടെയും വിപുലമായ ഡാറ്റാ വിശകലനത്തിെൻറയും സഹായത്തോടെ പ്രവർത്തിക്കുന്ന നൂതന സംവിധാനമാണ് ‘ഇസ്തിശ്റാഫ്’ പ്ലാറ്റ്‌ഫോം. സർക്കാർ സ്ഥാപനങ്ങളുടെ സന്നദ്ധത വിലയിരുത്തുന്ന സൂചകങ്ങൾ, കൃത്യമായ വിശകലനങ്ങൾ, ഭാവി പ്രവചനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ഭരണപരമായ നയരൂപവത്കരണങ്ങളെയും സുപ്രധാന തീരുമാനങ്ങളെയും ഈ പ്ലാറ്റ്‌ഫോം ശക്തമായി പിന്തുണയ്ക്കുന്നു.
വ്യാഴാഴ്ച (ജൂൺ 25)ന് ജോർജിയയിലെ തിബിലിസിൽ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സർവീസ് ഫോറത്തിെൻറ ഔദ്യോഗിക ചടങ്ങിൽ ‘സദ്‍യ’ പ്രതിനിധികൾ ഈ രാജ്യാന്തര പുരസ്‌കാരം ഏറ്റുവാങ്ങും. ആഗോള ഡിജിറ്റൽ രംഗത്ത് സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

