സൗദിയുടെ എണ്ണയിതര കയറ്റുമതി; വർധന 20.7 ശതമാനം വൻ കുതിച്ചുചാട്ടം
text_fieldsജിദ്ദ ഇസ്ലാമിക തുറമുഖം
ജിദ്ദ: സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് കരുത്തുപകർന്ന് 2025 നവംബറിലെ അന്താരാഷ്ട്ര വ്യാപാര കണക്കുകൾ പുറത്തുവന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മുൻവർഷം നവംബറിനെ അപേക്ഷിച്ച് രാജ്യത്തെ എണ്ണയിതര കയറ്റുമതിയിൽ 20.7 ശതമാനത്തിന്റെ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദേശീയ എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 4.7 ശതമാനവും റീ എക്സ്പോർട്ട് (പുനർ കയറ്റുമതി) വിഭാഗത്തിൽ 53.1 ശതമാനവും വളർച്ചയുണ്ടായി. ഇതിൽ പ്രധാനമായും മെഷിനറി, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിയിലുണ്ടായ 81.5 ശതമാനം വർധനയാണ് എണ്ണയിതര മേഖലയെ തുണച്ചത്. ഇതേ കാലയളവിൽ രാജ്യത്തെ മൊത്തം ചരക്ക് കയറ്റുമതി 10 ശതമാനവും പെട്രോളിയം കയറ്റുമതി 5.4 ശതമാനവും വർധിച്ചു. എന്നാൽ മൊത്തം കയറ്റുമതിയിൽ എണ്ണയുടെ വിഹിതം 70.1 ശതമാനത്തിൽ നിന്ന് 67.2 ശതമാനമായി കുറഞ്ഞത്, എണ്ണയെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്നുള്ള സൗദിയുടെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ഇറക്കുമതിയിൽ 0.2 ശതമാനത്തിന്റെ നേരിയ കുറവുണ്ടായതോടെ രാജ്യത്തെ മൊത്തം വ്യാപാര മിച്ചം 70.2 ശതമാനം എന്ന വൻ തോതിലേക്ക് വർധിച്ചു. വ്യാപാര പങ്കാളികളിൽ 13.5 ശതമാനം വിഹിതവുമായി ചൈനയാണ് സൗദി അറേബ്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനം. 11.7 ശതമാനവുമായി യു.എ.ഇ രണ്ടാം സ്ഥാനത്തും 9.9 ശതമാനമായി ജപ്പാൻ മൂന്നാം സ്ഥാനത്തും തുടരുന്നു. ഇന്ത്യ, ദക്ഷിണ കൊറിയ, അമേരിക്ക, ഈജിപ്ത്, സിംഗപ്പൂർ, ബഹ്റൈൻ, പോളണ്ട് എന്നിവരടങ്ങുന്ന ആദ്യ പത്ത് രാജ്യങ്ങളാണ് സൗദിയുടെ മൊത്തം കയറ്റുമതിയുടെ 71.4 ശതമാനവും കൈകാര്യം ചെയ്യുന്നത്.
ഇറക്കുമതിയിലും ചൈന (26.7 ശതമാനം) തന്നെയാണ് മുന്നിൽ. തുറമുഖങ്ങളുടെ കാര്യത്തിൽ, ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ട് (22.8 ശതമാനം), ജിദ്ദ ഇസ്ലാമിക് പോർട്ട് (22.6 ശതമാനം) എന്നിവ വഴി രാജ്യത്തെ മൊത്തം ഇറക്കുമതിയുടെ പകുതിയോളം നടന്നപ്പോൾ, എണ്ണയിതര കയറ്റുമതിയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ് (17.2 ശതമാനം) മുന്നിലെത്തിയത്. എണ്ണയിതര കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അനുപാതം 42.2 ശതമാനമായി ഉയർന്നത് രാജ്യത്തിന്റെ സുസ്ഥിരമായ സാമ്പത്തിക വളർച്ചയുടെ ശുഭസൂചനയായി വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

