ഡാക്കർ റാലിക്കായി സൗദിയുടെ നെക്സ്റ്റ് ജെൻ പദ്ധതി ശ്രദ്ധേയമാകുന്നു
text_fieldsയാംബു ഡാക്കർ റാലി നഗരിയിലെ വേദിയിൽ ‘സൗദി നെക്സ്റ്റ് ജെൻ പദ്ധതി’ അമീർ ഖാലിദ്
ബിൻ സുൽത്താൻ അൽ ഫൈസൽ പ്രഖ്യാപിച്ചപ്പോൾ
യാംബു: സൗദി ഡാക്കർ റാലിയുമായി ബന്ധപ്പെട്ട് ശ്രദ്ധാകേന്ദ്രമാകുകയാണ് ‘സൗദി നെക്സ്റ്റ് ജെൻ’ പദ്ധതി. സൗദിയിലെ യുവ കായിക പ്രതിഭകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം യാംബു ഡാക്കർ റാലി നഗരിയിൽ സൗദി മോട്ടോർ ഫെഡറേഷൻ ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ ഫൈസൽ നിർവഹിച്ചു. ഡാക്കർ റാലി മേഖലയിൽ സൗദി പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നും അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ കരുത്തുറ്റ താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സീസൺ വിജയികളായ നെക്സ്റ്റ് ജെൻ ചാമ്പ്യന്മാരെ അമീർ, ഡാക്കർ ക്യാമ്പിലെ വേദിയിൽ നടന്ന പ്രത്യേക പരിപാടിയിൽ അറിയിച്ചു.
റൈഡർ അബ്ദുൽ അസീസ് അൽ സഊദും നാവിഗേറ്റർ മിഷാൽ ഖലഫ് അൽ ഷമ്മാരിയുമാണ് 2027 ജനുവരിയിൽ നടക്കാനിരിക്കുന്ന ഡാക്കർ റാലിയുടെ 49ാമത് പതിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡാക്കർ റാലിയിൽ ദേശീയ താരമായ നായകൻ യസീദ് അൽ രാജ്ഹിയുടെ മാതൃകയിൽ വളർന്നുവരുന്ന സൗദി പ്രതിഭകളെ നിറഞ്ഞ കൈയടിയോടെയാണ് പരിപാടിയിൽ പങ്കെടുത്തവർ വരവേറ്റത്.സൗദി താരങ്ങളെ കണ്ടെത്താൻ അഞ്ച് ദിവസത്തെ പ്രത്യേക പരിശീലനവും കടുത്ത മത്സരവും നേരത്തേ സംഘടിപ്പിച്ചിരുന്നു. കഠിനമായ സാങ്കേതിക പരിശോധനകളും മണലാരണ്യത്തിലെ ഡ്രൈവിങ് ടെസ്റ്റുകളും പൂർത്തിയാക്കിയാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സൗദി യുവാക്കളെ ലോകോത്തര റാലി ഡ്രൈവർമാരായി വളർത്തുക എന്നതാണ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ നടക്കുന്ന റാലിയിൽ ആദ്യ സീസണിലെ വിജയികളായ അബ്ദുല്ല അൽ ഷെഗാവി, ഹംസ ബക്ഷാബ് എന്നിവരടക്കം 10 പ്രതിഭകൾ ട്രാക്കിലുണ്ട്. മരുഭൂമിയിലെ വഴികൾ കണ്ടെത്താനുള്ള നാവിഗേഷൻ കഴിവും ക്ഷമയും പരീക്ഷിക്കുന്ന പരിശീലന പദ്ധതി സൗദിയെ മോട്ടോർ സ്പോർട്സിെൻറ ലോക ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി മോട്ടോർ ഫെഡറേഷന്റെ സഹകരണത്തോടെ കഴിഞ്ഞ വർഷമാണ് സൗദി നെക്സ്റ്റ് ജെൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മത്സരമായ ഡാക്കർ റാലിയെ പോലെയുള്ള ആഗോള മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രതിഭകളെ കണ്ടെത്താനും അവർക്ക് വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങൾ നൽകാനും പദ്ധതി വഴിവെക്കും. സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തെ ഒരു ആഗോള മോട്ടോർ സ്പോട്സ് ഹബ്ബാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

