ആഗോള സ്മാർട്ട് സിറ്റി സൂചികയിൽ സൗദിയുടെ കുതിപ്പ്
text_fieldsറിയാദ് നഗരം
റിയാദ്: ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (ഐ.എം.ഡി) പ്രസിദ്ധീകരിച്ച 2026ലെ സ്മാർട്ട് സിറ്റി സൂചികയിൽ സൗദി അറേബ്യയിലെ എട്ട് നഗരങ്ങൾ ഇടംപിടിച്ചു.
രാജ്യത്തെ നഗരവികസനത്തിെൻറ വേഗവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം. ‘വിഷൻ 2030’ പദ്ധതിയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്ന രീതിയിലാണ് ഈ വികസനമെന്ന് സൂചിക വ്യക്തമാക്കുന്നു. സൗദി തലസ്ഥാനമായ റിയാദ് ആഗോളതലത്തിൽ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചു.
കഴിഞ്ഞ തവണ 27ാം സ്ഥാനത്തായിരുന്ന റിയാദ് ഇത്തവണ 24ാം റാങ്കിലേക്കാണ് ഉയർന്നത്. മറ്റ് പ്രധാന നഗരങ്ങളായ മക്ക 50ാം സ്ഥാനത്തും, ജിദ്ദ 55ാം സ്ഥാനത്തും, അൽ ഖോബാർ 64ാം സ്ഥാനത്തും, മദീന 67ാം സ്ഥാനത്തും ഇടംപിടിച്ചു. വിനോദസഞ്ചാര-വികസന മേഖലകളിൽ വൻ കുതിച്ചുചാട്ടം നടത്തുന്ന അൽഉല വലിയ മുന്നേറ്റമാണ് ഇത്തവണ രേഖപ്പെടുത്തിയത്. 112ാം സ്ഥാനത്തുനിന്നിരുന്ന അൽഉല 85ാം റാങ്കിലേക്ക് ഉയർന്നു. ഇതാദ്യമായി പട്ടികയിൽ ഇടംപിടിച്ച ഹാഇലും ഹഫർ അൽബാത്വിനുമാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത.
ഹാഇൽ 33ാം റാങ്ക് കരസ്ഥമാക്കിയപ്പോൾ ഹഫർ അൽബാത്വിൻ നൂറാം സ്ഥാനത്തെത്തി. നഗരങ്ങൾ എത്രത്തോളം ആധുനിക സാങ്കേതികവിദ്യകൾ സ്വാംശീകരിച്ചിട്ടുണ്ടെന്നും, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ജനങ്ങളുടെ ജീവിതനിലവാരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും വിലയിരുത്തിയാണ് ഐ.എം.ഡി ഈ പട്ടിക തയാറാക്കുന്നത്.
2026നെ ‘നിർമിതബുദ്ധി വർഷമായി’ രാജ്യം ആഘോഷിക്കുന്ന വേളയിൽ കൈവരിച്ച ഈ നേട്ടം ആഗോളതലത്തിൽ സൗദിയുടെ മത്സരശേഷി വർധിപ്പിക്കും. നഗര സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സുസ്ഥിരമായ സ്മാർട്ട് സിറ്റികൾ കെട്ടിപ്പടുക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ നിരന്തരമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരോഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

