സൗദിയിൽ ഭവന പദ്ധതികൾക്ക് വൻ മുന്നേറ്റം;32,983 കുടുംബങ്ങൾ പുതിയ വീടുകളിൽ താമസമുറപ്പിച്ചു
text_fieldsസ്വദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ഭവനം എന്ന ലക്ഷ്യത്തോടെ സൗദി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ നിർമിച്ച ഭവനങ്ങൾ
റിയാദ്: സ്വദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ഭവനം എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ നടപ്പാക്കുന്ന പദ്ധതികൾ വൻ വിജയത്തിലേക്ക്. ഈ വർഷം ആദ്യ മൂന്ന് മാസത്തിനിടെ രാജ്യത്തെ 32,983 കുടുംബങ്ങൾ തങ്ങളുടെ ആദ്യ ഭവനങ്ങളിൽ താമസം ആരംഭിച്ചതായി മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതേ കാലയളവിൽ തന്നെ 23,222 സൗദി കുടുംബങ്ങൾ പുതിയ ഭവന സഹായ സേവനങ്ങളുടെ ഗുണഭോക്താക്കളായി മാറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ വിവിധ മേഖലകളിലുള്ള അർഹരായ കുടുംബങ്ങൾക്ക് വൈവിധ്യമാർന്ന ഭവന പരിഹാരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഉടമസ്ഥാവകാശം വേഗത്തിലാക്കാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. 2017-ൽ ‘സക്നി’ പ്രോഗ്രാം ആരംഭിച്ചത് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ആകെ 1,028,673 കരാറുകളാണ് സൗദി കുടുംബങ്ങൾക്കായി ഒപ്പിട്ടിട്ടുള്ളത്. പദ്ധതിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള വിജയത്തെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വിതരണം ചെയ്ത കരാറുകളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത് തലസ്ഥാനമായ റിയാദിലാണ്. ഇവിടെ 2,73,856 കരാറുകൾ പൂർത്തിയായി. മക്കയിൽ 2,13,069 കരാറുകളും കിഴക്കൻ പ്രവിശ്യയിൽ 1,63,455 കരാറുകളും നിലവിൽ വന്നു. പ്രധാന നഗരങ്ങളിലെല്ലാം ഭവന ആവശ്യകതയ്ക്ക് ആനുപാതികമായ വലിയ വളർച്ചയാണ് പ്രകടമാകുന്നത്.
നിലവിൽ സക്നി പ്രോഗ്രാമിലൂടെ നിർമാണം പൂർത്തിയായ യൂനിറ്റുകൾ, പ്ലാനുകൾ തയ്യാറാക്കി നിർമാണം ആരംഭിക്കാനിരിക്കുന്നവ, സ്വയം നിർമ്മാണത്തിനുള്ള സാങ്കേതിക സഹായങ്ങൾ, പാർപ്പിട ഭൂമി എന്നിവയുൾപ്പെടെ വിപുലമായ ഓപ്ഷനുകൾ പൗരന്മാർക്കായി നൽകുന്നുണ്ട്. സ്വകാര്യ ഡെവലപ്പർമാരുമായും ബാങ്കുകളുമായും ചേർന്ന് മന്ത്രാലയം നടത്തുന്ന സഹകരണം വിപണിയിൽ കൂടുതൽ ഭവന യൂനിറ്റുകൾ ലഭ്യമാക്കാൻ സഹായിച്ചിട്ടുണ്ട്. ഈ പരിശ്രമങ്ങളുടെ ഫലമായി 2025 അവസാനത്തോടെ സൗദിയിലെ ഭവന ഉടമസ്ഥാവകാശം 66.24 ശതമാനമായി ഉയർത്താൻ സാധിച്ചു. സൗദി വിഷൻ 2030-െൻറ ഭാഗമായി നിശ്ചയിച്ചിട്ടുള്ള 70 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം സുസ്ഥിരമായി നീങ്ങുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

