സൗദിയുടെ പൈതൃക നഗരം ‘അൽ ഉല’ക്ക് സുവർണപുരസ്കാരം
text_fieldsഅൽ ഉലയിലെ കാഴ്ചകൾ
തബൂക്ക്: സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധവും പൗരാണികവുമായ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് അന്താരാഷ്ട്രതലത്തിൽ വൻ നേട്ടം. 2026-ലെ ‘ഇൻറർനാഷനൽ സെൻറർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം’ (ഐ.സി.ആർ.ടി) ഗോൾഡൻ അവാർഡിന് അർഹമായി.
പ്രകൃതി സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള സുസ്ഥിര വിനോദസഞ്ചാര വികസന രീതികൾ മുൻനിർത്തി ‘നേച്ചറൽ പൊസിറ്റീവ്’ വിഭാഗത്തിലാണ് ഈ അഭിമാന പുരസ്കാരം ലഭിച്ചത്. ലോക വിനോദസഞ്ചാര ദിനാചരണത്തോടനുബന്ധിച്ച് ആയിരുന്നു പുരസ്കാര പ്രഖ്യാപനം.പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിൽ ലോകമെമ്പാടുമുള്ള ടൂറിസം മേഖല വലിയ ശ്രദ്ധ പുലർത്തുന്ന കാലഘട്ടത്തിലാണ് ഈ ആഗോള അംഗീകാരം അൽ ഉലയെ തേടിയെത്തുന്നത്.
ഏകദേശം 22,561 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അൽ ഉലയുടെ പകുതിയിലധികം പ്രദേശവും നിലവിൽ സംരക്ഷിത പ്രകൃതി മേഖലകളാണ്.പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് ലക്ഷത്തിലധികം തനത് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും, 1,500-ലധികം വന്യമൃഗങ്ങളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുകയും ചെയ്തു. 500-ലധികം സസ്യയിനങ്ങൾ കണ്ടെത്തിയിട്ടുള്ള ഈ പ്രദേശത്ത്, മരുഭൂമി ആവാസവ്യവസ്ഥയുടെ അതിജീവനശേഷിയും തനത് സസ്യജാലങ്ങളുടെ വൈവിധ്യവും വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കി വരുന്നു.
അന്താരാഷ്ട്ര ശാസ്ത്രജ്ഞരുമായും വന്യജീവി സംരക്ഷണ സംഘടനകളുമായും ചേർന്ന് അൽ ഉല നടത്തുന്ന പ്രവർത്തനങ്ങളെയും, ടൂറിസം ആസൂത്രണത്തിൽ പ്രകൃതിക്കും വന്യജീവികൾക്കും നൽകുന്ന മുൻഗണനയെയും ഐ.സി.ആർ.ടി അവാർഡ് വിധികർത്താക്കൾ പ്രത്യേകം അഭിനന്ദിച്ചു. പ്രാദേശിക സമൂഹങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പരിസ്ഥിതിക്കും ഒരേപോലെ ഗുണകരമായ രീതിയിൽ ടൂറിസത്തെ പ്രയോജനപ്പെടുത്തുന്ന അതോറിറ്റികളെയാണ് ഐ.സി.ആർ.ടി പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
പ്രകൃതി സംരക്ഷണത്തോടൊപ്പം അൽ ഉലയിലെ സാംസ്കാരിക പൈതൃകവും ചരിത്രശേഷിപ്പുകളും അതേപടി നിലനിർത്താൻ റോയൽ കമീഷൻ ഫോർ അൽ ഉല സജീവമായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖമായ പൈതൃക കേന്ദ്രങ്ങളിൽ പലതും അൽ ഉല ഗവർണറേറ്റിലാണ് സ്ഥിതി ചെയ്യുന്നത്.യൂനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ആദ്യ സൗദി കേന്ദ്രമായ ‘ഹെഗ്ര’ (മദാഇൻ സ്വാലിഹ്) അൽ ഉലയിലാണ്.
വൻമലകളിലെ പാറകൾ തുരന്ന് നിർമിച്ച അതിമനോഹരമായ വീടുകളും കൊത്തുപണികളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പാറകളിൽ കൊത്തിയുണ്ടാക്കിയ 153 നിർമിതികൾ ഇവിടെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചെറുതും വലുതുമായ 132 ശിലാവനങ്ങളും ഈ പ്രദേശത്തിെൻറ പ്രത്യേകതയാണ്. ചരിത്ര പ്രാധാന്യവും പാരിസ്ഥിതിക മുൻഗണനകളും സമന്വയിപ്പിച്ചുകൊണ്ടുള്ള അൽ ഉലയുടെ വികസന മാതൃകയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ സുവർണ പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

