Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ ആദ്യ...

സൗദിയുടെ ആദ്യ പഞ്ചനക്ഷത്ര ആഢംബര ട്രെയിൻ കോച്ച് എഫ്.ഐ.ഐ കോൺഫറൻസിൽ പ്രദർശിപ്പിക്കും

text_fields
bookmark_border
സൗദിയുടെ ആദ്യ പഞ്ചനക്ഷത്ര ആഢംബര ട്രെയിൻ കോച്ച് എഫ്.ഐ.ഐ കോൺഫറൻസിൽ പ്രദർശിപ്പിക്കും
cancel
camera_alt

റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് കോൺഫറൻസിനോടനുബന്ധിച്ച് 'ഡെസേർട്ട് ഡ്രീം' ട്രെയിനിന്റെ കോച്ച് പ്രദർശിപ്പിച്ചിരിക്കുന്നു

റിയാദ്: മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പഞ്ചനക്ഷത്ര ആഢംബര ട്രെയിനായ 'ഡെസേർട്ട് ഡ്രീം' ട്രെയിനിൻ്റെ ഒരു കോച്ച് റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് (എഫ്.ഐ.ഐ9) കോൺഫറൻസിൽ സൗദി റെയിൽവേ കമ്പനിയും ഇറ്റാലിയൻ കമ്പനിയായ ആഴ്സനാലും ചേർന്ന് പ്രദർശിപ്പിക്കും. ഗതാഗത മേഖലയിലെ വിദേശ നിക്ഷേപങ്ങളിൽ സുപ്രധാനമായ ഒന്നാണ് 'ഡെസേർട്ട് ഡ്രീം' ട്രെയിൻ.

രാജ്യത്തെ റെയിൽ ഗതാഗത മേഖലയുടെ വളർച്ചയും, ഉയർന്ന നിലവാരത്തിലുള്ളതും സവിശേഷവുമായ യാത്രാനുഭവങ്ങൾ നൽകാനുള്ള ശേഷിയും ഈ പ്രദർശനം പ്രതിഫലിപ്പിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയും സൗദി റെയിൽവേ കമ്പനി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ എഞ്ചിനീയർ സ്വാലിഹ് അൽ ജസർ പറഞ്ഞു. ഗുണമേന്മയുള്ള ഗതാഗത സംവിധാനങ്ങളും വിനോദസഞ്ചാര ബദലുകളും ചേർത്ത് ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിൻ്റെ ഫലമായാണ് ഈ ട്രെയിൻ യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്.ഐ.ഐയിലെ പങ്കാളിത്തം രാജ്യത്തെ ഗതാഗത പദ്ധതികളുടെ പുരോഗമിച്ച നിലവാരം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് സൗദി റെയിൽവേ കമ്പനി സി.ഇ.ഒ. ഡോ. ബഷാർ അൽ മാലിക് അഭിപ്രായപ്പെട്ടു. ലോക നിക്ഷേപകരും സൗദി റെയിൽവേ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ മികച്ച മാതൃകയാണ് 'ഡെസേർട്ട് ഡ്രീം' ട്രെയിൻ. ഇത് വിനോദസഞ്ചാര അനുഭവത്തെ മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും സൗദിയുടെ പങ്ക് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഢംബരവും സൗദി തനിമയും സംയോജിപ്പിക്കുന്ന ഈ ട്രെയിൻ ആഗോള ആഢംബര യാത്രാ കേന്ദ്രമെന്ന നിലയിൽ സൗദിയുടെ വളരുന്ന സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്.

'ഡെസേർട്ട് ഡ്രീം' ട്രെയിനിന്റെ ആദ്യ യാത്ര 2026 അവസാനത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ട്രെയിൻ നോർത്തേൺ റെയിൽവേ ശൃംഖലയിലൂടെ 1,300 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കും. സൗദിയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന യാത്രകൾക്ക് ഒന്നോ രണ്ടോ രാത്രികൾ വരെ ദൈർഘ്യമുണ്ടാകും. ട്രെയിൻ യാത്രയിൽ തിരഞ്ഞെടുത്ത പ്രത്യേക ടൂറുകൾ, വൈവിധ്യമാർന്ന സാംസ്കാരിക പ്രവർത്തനങ്ങൾ, ഓരോ അതിഥിക്കും വ്യക്തിഗത സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

33 ആഢംബര സ്യൂട്ടുകളിലായി 66 അതിഥികൾക്ക് വരെ ഈ ട്രെയിനിൽ യാത്ര ചെയ്യാം. ഇത് സ്വകാര്യതയും ആഡംബരവും ഉറപ്പുവരുത്തുന്ന അസാധാരണമായ യാത്രാനുഭവമാണ് നൽകുക. രണ്ട് റെസ്റ്റോറന്റുകൾ ട്രെയിനിലുണ്ടാകും. സൗദി വിഭവങ്ങൾ, പരമ്പരാഗത അറബി വിഭവങ്ങൾ, ഇറ്റാലിയൻ ശൈലിയിലുള്ള അന്താരാഷ്ട്ര വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്ന രണ്ട് തരം മെനുകൾ ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാർ ഒരുക്കും.

അന്താരാഷ്ട്ര ആർക്കിടെക്റ്റും ഡിസൈനറുമായ അലീൻ അസ്മർ ഡി'അമ്മൻ രൂപകൽപ്പന ചെയ്ത ട്രെയിനിന്റെ അകത്തളങ്ങൾ മനോഹരമായി കൊത്തിയെടുത്ത തടി അലങ്കാരങ്ങൾ, സൗദി മരുഭൂമിയിലെ പ്രകൃതിദത്ത നിറങ്ങൾ, സ്വർണ്ണ വർണ്ണത്തിലുള്ള വിശദാംശങ്ങൾ എന്നിവയാൽ അലങ്കൃതമാണ്. സൗദി പൈതൃകത്തിന്റെ തനിമയും ഇറ്റാലിയൻ കരവിരുതും ഇതിൽ ഒത്തുചേരുന്നു. സാംസ്കാരിക മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, ഡെവലപ്‌മെൻ്റ് അതോറിറ്റീസ് സപ്പോർട്ട് സെൻ്റർ എന്നിവയുമായി സഹകരിച്ച് സൗദിയുടെ സാംസ്കാരികവും പൈതൃകപരവുമായ ഘടകങ്ങൾ ട്രെയിനിൻ്റെ രൂപകൽപ്പനയിൽ സമന്വയിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle eastRiyadhgulfnewsSaudi ArabiaFuture Investment Initiative
News Summary - Saudi Arabia's first five-star luxury train coach to be showcased at FII conference
Next Story