Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ വിനോദവിസ്മയം:...

സൗദിയുടെ വിനോദവിസ്മയം: 'റിയാദ് സീസൺ 2025' ഒക്ടോബർ 10-ന് ആരംഭിക്കും

text_fields
bookmark_border
Riyadh season
cancel
camera_alt

സൗദി ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് 'റിയാദ് സീസൺ 2025' പ്രഖ്യാപിക്കുന്നു,മിസ്റ്റർ ബീസ്റ്റ്

റിയാദ്: ലോകോത്തര നിലവാരമുള്ള വിനോദ, സാംസ്കാരിക ഉത്സവമായ 'റിയാദ് സീസൺ 2025' ഒക്ടോബർ 10 വെള്ളിയാഴ്ച ആരംഭിച്ച് നാല് മാസങ്ങൾ നീണ്ടുനിൽക്കും. സൗദി അറേബ്യയുടെ റോയൽ കോർട്ട് ഉപദേഷ്ടാവും ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി ചെയർമാനുമായ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് 'റിയാദ് സീസൺ 2025' ൻ്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു.

ലോകശ്രദ്ധ ആകർഷിക്കുന്ന നിരവധി വിനോദമേഖലകളും, കായികമത്സരങ്ങളും, സാംസ്കാരിക പരിപാടികളുമായാണ് ഇത്തവണയും റിയാദ് സീസൺ എത്തുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ബൊളിവാർഡ് മേഖലയിൽ അമേരിക്കൻ കമ്പനിയായ 'മിസ്സു'മായി സഹകരിച്ചൊരുക്കുന്ന മെഗാ പരേഡോടെയാണ് സീസൺ ആരംഭിക്കുക. 25 വലിയ ബലൂണുകൾ, 300 ഓളം പേർ അണിനിരക്കുന്ന 25-ൽ അധികം ഫ്ലോട്ടുകൾ, 3,000 നർത്തകർ എന്നിവർ പരേഡിൽ അണിനിരക്കും. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് പൊതുജനങ്ങൾക്കായി ഈ മേഖലയിൽ സൗജന്യ പ്രവേശനം അനുവദിക്കും.

2025 സീസൺ മൂന്ന് പ്രധാന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി ചെയർമാൻ പറഞ്ഞു: യുവാക്കളെയും യുവതികളെയും, വീട്ടമ്മമാരെയും കൂടുതൽ വ്യാപകമായി ലക്ഷ്യമിടുക, രാജ്യത്തിൻ്റെ പ്രതിച്ഛായയും പ്രാദേശിക ഉള്ളടക്കത്തിൽ നേടിയ പുരോഗതിയും പ്രതിഫലിപ്പിക്കുന്നതിനായി പ്രാദേശിക ഉള്ളടക്കത്തിന് പ്രാധാന്യം നൽകുക. പ്രാദേശിക ഉള്ളടക്കം ഏതൊരു അന്താരാഷ്ട്ര ഉള്ളടക്കത്തിനും ഒട്ടും പിന്നിലല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അമേരിക്കൻ യൂട്യൂബ് ഇൻഫ്ലുവൻസറായ മിസ്റ്റർ ബീസ്റ്റ് സഹകരിക്കുന്ന 'ബീസ്റ്റ് ലാൻഡ്' മേഖലയാണ് ഇത്തവണത്തെ സീസണിലെ പ്രധാന ആകർഷണം. ബൊളിവാർഡിന്നടുത്തായി ഹിത്തിൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തൊരുക്കുന്ന 'ബീസ്റ്റ് ലാൻഡി'ൽ 40-ലധികം കടകളും റെസ്റ്റോറൻ്റുകളും, 15 ചലിക്കുന്ന ഗെയിമുകളും, 12 വ്യത്യസ്തത വിനോദാനുഭവങ്ങളുമുണ്ടാവും. മിസ്റ്റർ ബീസ്റ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

മൂന്ന് ബോയിംഗ് 777 വിമാനങ്ങളുപയോഗിച്ച് 200 ദശലക്ഷം പൂക്കളും 200 പൂ ശിൽപങ്ങളും ഉൾപ്പെടുത്തി ഒരുക്കുന്ന ബൊളിവാർഡ് ഫ്ലവേഴ്സ് ആണ് മേളയിലെ മറ്റൊരാകർഷണം. വിവിധ രാജ്യങ്ങളിലെ സാംസ്‌കാരിക പരിപാടികൾക്കായി ഒരുക്കുന്ന ബൊളിവാർഡ് വേൾഡിൽ ഇത്തവണ ഇന്തോനേഷ്യ, കുവൈത്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെക്കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. ഇതോടെ ഈ മേഖലയിൽ പ്രാതിനിധ്യം വഹിക്കുന്ന സംസ്കാരങ്ങളുടെ എണ്ണം 24 ആയി ഉയർന്നു. ഇവിടെ 40 റൈഡ് അനുഭവങ്ങളും, 1,700 സ്റ്റോറുകളും, 350 റെസ്റ്റോറൻ്റുകളും കഫേകളും ഉണ്ടാവും. ആഴ്ചയിൽ ശരാശരി 40,000 സന്ദർശകരും വാരാന്ത്യങ്ങളിൽ 70,000 സന്ദർശകരും ഈ മേഖലയിൽ മാത്രമായി എത്തുമെന്നാണ് പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകകളിൽ ഒന്നിനായി മത്സരിക്കുന്ന മുൻനിരയിലെ ആറ് ടെന്നീസ് താരങ്ങൾ പങ്കെടുക്കുന്ന, വിനോദ ടെന്നീസ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻ്റുകളിൽ ഒന്നായ സിക്സ് കിംഗ്സ് സ്ലാം ഉൾപ്പെടെ അഞ്ച് പ്രധാന പരിപാടികൾ അറബ് ബാങ്ക് അരീനയിൽ നടക്കും. നവംബർ അവസാനത്തോടെ ലോകത്തിലെ ഏറ്റവും വലിയ ബോക്സിംഗ്, റെസ്ലിംഗ് മത്സരങ്ങളിൽ ഒന്ന് നടക്കും. സൗദി-ജാപ്പനീസ് ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ജാപ്പനീസ് രുചിയിലുള്ള വിനോദവാരവും, ജപ്പാനിലെ പ്രമുഖ ബോക്സർമാർ പങ്കെടുക്കുന്ന 'ദി റിംഗ്' ടൂർണമെൻ്റും സംഘടിപ്പിക്കും.

2026 ജനുവരിയിൽ വടക്കേ അമേരിക്കക്ക് പുറത്ത് ആദ്യമായി നടക്കുന്ന പ്രധാന കായിക ഇവൻ്റായ റോയൽ റംബിളിനും റിയാദ് സീസൺ ആതിഥേയത്വം വഹിക്കും. ഒരു അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷനും ഇവിടെ ഉണ്ടാകും. ഒരേ സമയം 90 പേർക്ക് സൗദിയിലെ എല്ലാ പ്രദേശങ്ങളിലൂടെയും പറക്കും അനുഭവം നൽകുന്ന വെർച്വൽ യാത്രയും ഒരുക്കിയിട്ടുണ്ട്. 20 വിനോദ മേഖലകൾ ഉൾപ്പെടുന്നതും 14 കടൽ മാർഗ്ഗങ്ങളിലേക്ക് ക്രൂയിസ് യാത്രകൾ സംഘടിപ്പിക്കുന്നതുമായ പുതിയ കേന്ദ്രമായ അറൂയ സോൺ മറ്റൊരു ആകർഷണ ഇനമാണ്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ പ്രദേശം അൽ സുവൈദി പാർക്ക് ആയിരുന്നുവെന്നും, ഈ സീസണിൽ 13 രാജ്യങ്ങൾ പങ്കെടുക്കുന്ന 49 കച്ചേരികളും 90 ശതമാനം സൗദി, ഗൾഫ് പൗരന്മാരായ സംഗീതജ്ഞർ അവതരിപ്പിക്കുന്ന 20 പുതിയ ഗൾഫ്, അറബ് സംഗീത കച്ചേരികളും, സിറിയൻ, എമിറാത്തി, ഖത്തരി നാടകങ്ങൾ ഉൾപ്പെടെ 14 നാടകങ്ങളും ഉണ്ടാകുമെന്ന് അമീർ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് വിശദീകരിച്ചു.

റിയാദ് സീസൺ ലോഗോയുടെ വിപണി മൂല്യം 3.2 ബില്യൺ ഡോളറായി ഉയർന്നതായി മുൻ സീസണുകളിലെ നേട്ടങ്ങളും സാമ്പത്തിക വളർച്ചയും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. ഈ സീസണിൽ 95 ശതമാനം പ്രാദേശിക കമ്പനികൾ ഉൾപ്പെടെ 2,100 കമ്പനികൾ പങ്കെടുക്കുകയും 4,200 കരാറുകൾ ഒപ്പിടുകയും ചെയ്യും. ഇത്തവണത്തെ റിയാദ് സീസൺ വഴി 25,000-ത്തിലധികം നേരിട്ടുള്ള ജോലികളും 1,00,000 പരോക്ഷ ജോലികളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 135 രാജ്യങ്ങളിൽ നിന്നായി 20 ദശലക്ഷത്തിലധികം സന്ദർശകരാണ് റിയാദ് സീസണിൽ എത്തിയത്. ഈ വർഷം ഈ റെക്കോർഡ് ഭേദിക്കാനും ലക്ഷ്യമിടുന്നതായി ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhgulfnewGeneral Entertainment AuthoritySaudi ArabiaRiyadh season2025
News Summary - Saudi Arabia's entertainment wonder: 'Riyadh Season 2025' to begin on October 10
Next Story