അബ്ദുൽ റഹീമിെൻറ മോചനം നിർണായകമായത് സൗദിയുടെ പെൺകരുത്ത്
text_fieldsസൗദി അഭിഭാഷക ഡോ. റന അബ്ദുൽ അസീസ്
റിയാദ്: ആഗോള മലയാളി സമൂഹം ഒന്നടങ്കം പ്രാർഥനയോടെ കാത്തിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിെൻറ മോചനത്തിന് പിന്നിൽ സൗദി വനിത അഭിഭാഷക ഡോ. റന അബ്ദുൽ അസീസ് അൽ ദഹ്ബാനിയുടെ അടിയുറച്ച നിയമപോരാട്ടം നിർണായകമായി. റിയാദിലെ പ്രമുഖ നിയമവിദഗ്ദ്ധൻ ഉസാമ അംബറുമായി സഹകരിച്ചായിരുന്നു ഡോ. റന റഹീമിനായി കോടതിയിൽ ഹാജരായത്.
ദിയാധനം സ്വീകരിച്ച്, മരിച്ച സൗദി പൗരെൻറ കുടുംബം മാപ്പ് നൽകിയതിനെ തുടർന്ന് 2025 ജൂലൈ രണ്ടിന് റിയാദ് ക്രിമിനൽ കോടതി റഹീമിെൻറ വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ, കേസിൽ പൊതുഅവകാശത്തിെൻറ ഭാഗമായി റഹീമിന് വീണ്ടും വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വാദിച്ചതോടെ കാര്യങ്ങൾ സങ്കീർണമായി. റഹീമും സഹായസമിതിയും വലിയ ആശങ്കയിലായ ഈ ഘട്ടത്തിലാണ് രക്ഷകയായി ഡോ. റന രംഗത്തെത്തുന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനുകൂലവിധി നേടിയെടുക്കാൻ കഴിയുമെന്നുമുള്ള ആത്മവിശ്വാസം അവർ റഹീം സഹായസമിതിക്ക് നൽകി. പബ്ലിക് പ്രോസിക്യൂഷെൻറ വാദങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ വിവിധ നിയമവ്യവസ്ഥകളും അനുബന്ധചട്ടങ്ങളും അടിസ്ഥാനമാക്കി സമഗ്ര പ്രതിരോധ വാദമുഖങ്ങൾ അവർ കോടതിയിൽ സമർപ്പിച്ചു.
വിവിധ കാരണങ്ങളാൽ കോടതി പലതവണ കേസ് വിധി പറയാൻ മാറ്റിവെച്ചെങ്കിലും, ഒടുവിൽ കേസിെൻറ എല്ലാ വശങ്ങളും പരിശോധിച്ച കോടതി റഹീമിെൻറ വധശിക്ഷ പൂർണമായി ഒഴിവാക്കി 20 വർഷത്തെ തടവുശിക്ഷയായി നിജപ്പെടുത്തി പ്രാഥമിക വിധി പുറപ്പെടുവിച്ചു. പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയായിരുന്നു. ശിക്ഷ കാലാവധി ഇതിനകം പൂർത്തിയായതിനെ തുടർന്ന് മേയ് 28ന് ജയിൽ മോചിതനായ റഹീം നാട്ടിലേക്ക് തിരിച്ചു.
അബ്ദുൽ റഹീമിെൻറ കേസ് മാത്രമല്ല, ചതിക്കുഴികളിൽപെട്ട നിരവധി പ്രവാസി മലയാളികൾക്ക് ഇതിനകം ഡോ. റന തുണയായിട്ടുണ്ട്. 2024 നവംബറിൽ ലഹരിവിരുദ്ധ വിഭാഗം പിടികൂടിയ ഒമ്പതംഗ സംഘത്തിലെ അഞ്ച് മലയാളികളെയും ഒരു ഉത്തർപ്രദേശ് സ്വദേശിയെയും നിയമപോരാട്ടത്തിലൂടെ കുറ്റവിമുക്തരാക്കിയത് ഇവരായിരുന്നു. കൂടാതെ, വാഹനാപകടത്തിൽ സൗദി യുവതി മരിച്ച കേസിൽ അഞ്ച് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശി അനന്തുവിെൻറ മോചനം സാധ്യമാക്കിയതും ഡോ. റനയുടെ അഭിഭാഷക മികവായിരുന്നു. എന്നാൽ, മകെൻറ മോചനം കാണാൻ കാത്തുനിൽക്കാതെ അനന്തുവിെൻറ മാതാവ് മരിച്ചത് പ്രവാസ ലോകത്തെ വലിയ നോവായി മാറി.
പ്രമുഖ പൊതുപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് പ്രവാസികളുമായി ബന്ധപ്പെട്ട ഈ സങ്കീർണമായ കേസുകളുടെയെല്ലാം പ്രതിഭാഗം ചുമതലകൾ നിയമത്തിൽ ഡോക്ടറേറ്റുള്ള ഡോ. റനയെ വിശ്വസിച്ച് ഏൽപിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരിൽനിന്ന് ഓഫിസ് ചെലവുകൾ മാത്രം ഈടാക്കി കേസ് നടത്തുന്ന ഇവർ റിയാദിലെ പ്രവാസികൾക്ക് കാരുണ്യത്തിെൻറ പ്രതീകം കൂടിയാണ്. മലയാളി സമൂഹം പൊതുവെ നിയമങ്ങളെ ബഹുമാനിക്കുന്നവരാണെന്നും, ക്രിമിനൽ സ്വഭാവമില്ലാത്ത അവർ കേവലം അറിവില്ലായ്മ കൊണ്ടാണ് പലപ്പോഴും ഇത്തരം വലിയ നിയമക്കുരുക്കുകളിൽ ചെന്നുപെടുന്നതെന്നും ഡോ. റന സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

