സൗദിയിലെ ഏറ്റവും വലിയ ബിരിയാണി മാമാങ്കം: 'വിജയ് ദം ദം ബിരിയാണി' മത്സര രജിസ്ട്രേഷൻ മാർച്ച് 12-ന് അവസാനിക്കുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിലുടനീളമുള്ള പാചക പ്രതിഭകളെ കണ്ടെത്താനായി 'ഗൾഫ് മാധ്യമ'വും 'മീഫ്രണ്ടും' സംയുക്തമായി സംഘടിപ്പിക്കുന്ന 'വിജയ് ദം ദം ബിരിയാണി' മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ മാർച്ച് 12 വ്യാഴാഴ്ച്ച അവസാനിക്കുന്നു. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രവാസികൾക്കിടയിൽ വലിയ തരംഗമായി മാറിയ ഈ മത്സരത്തിന്റെ പ്രചാരണാർത്ഥം ജിദ്ദ, അബഹ, നജ്‌റാൻ, ജുബൈൽ, യാംബു എന്നിവിടങ്ങളിൽ സംഘടിപ്പിച്ച മെഗാ റോഡ് ഷോകൾക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്.
പ്രശസ്ത അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷ് (കല്ലു) മുഖ്യാതിഥിയായി എത്തിയ റോഡ് ഷോകൾ മലയാളികൾക്ക് പുറമെ ഇതര ഭാഷക്കാരായ പ്രവാസികളിലും വലിയ ആവേശമുണ്ടാക്കി. റമദാന് ശേഷം സൗദിയിലെ മറ്റു പ്രധാന നഗരങ്ങളിലും റോഡ് ഷോകൾ അരങ്ങേറും. ഇതിനുപുറമെ, കാഫ് ലോജിസ്റ്റിക്സിന്റെ സഹകരണത്തോടെ സൗദിയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രത്യേക പ്രചാരണ വാഹനത്തിന്റെ പര്യടനവും ഊർജ്ജിതമായി നടക്കുന്നുണ്ട്. ജിദ്ദയിൽ നിന്ന് ആരംഭിച്ച ഈ യാത്ര യാംബു, ത്വാഇഫ്, റിയാദ്, അബഹ, നജ്റാൻ, ദമ്മാം, ജുബൈൽ, അൽഹസ, ഹാഇൽ, ബുറൈദ, തബൂക്ക് തുടങ്ങിയ നഗരങ്ങളിലൂടെ സഞ്ചരിച്ച് മത്സരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കും.
വിവിധ നഗരങ്ങളിൽ നടന്ന റോഡ് ഷോകളിലെ മത്സരങ്ങളിൽ നിന്ന് 'ലാറ്ററൽ എൻട്രി' വഴി തിരഞ്ഞെടുക്കപ്പെട്ടവരും, ഓൺലൈൻ രജിസ്ട്രേഷൻ വഴി തിരഞ്ഞെടുക്കപ്പെടുന്നവരും സെമി ഫൈനൽ മത്സരങ്ങളിൽ മാറ്റുരക്കും. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾക്ക് ശേഷം ഗ്രാൻഡ് ഫിനാലെ റിയാദിൽ വെച്ച് അരങ്ങേറും. ലോകപ്രശസ്ത ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, രാജ് കലേഷ് എന്നിവരാണ് ഗ്രാൻഡ് ഫിനാലെയിൽ വിധികർത്താക്കളായി എത്തുന്നത്.
ഫൈനൽ വിജയികളെ കാത്തിരിക്കുന്നത് 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാൽ മൂല്യമുള്ള മെഗാ സമ്മാനങ്ങളാണ്. വിജയികൾക്ക് ട്രോഫിയും ഔദ്യോഗിക സ്ഥാനവസ്ത്രങ്ങളും സർട്ടിഫിക്കറ്റും സമ്മാനിക്കും. പാചകകലയിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

