സൗദിയുടെ 95ാമത് ദേശീയ ദിനം: ആഘോഷ നിറവിൽ പച്ചപുതച്ച് രാജ്യം
text_fieldsഹാഇലിൽനിന്നുള്ള ആഘോഷ പരിപാടിയിൽനിന്ന്
യാംബു: സൗദിയുടെ 95ാ മത് ദേശീയ ദിനാഘോഷ നിറവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സാംസ്കാരിക കലാപ്രകടനകൾ സജീവമായി നടക്കുന്നു. പച്ചപുതച്ച് രാജ്യത്തിന്റെ തെരുവോരങ്ങളും ഉല്ലാസ കേന്ദ്രങ്ങളും അലങ്കരിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം തുടക്കംകുറിച്ച ആഘോഷങ്ങളുടെ ആരവം വരുംദിവസങ്ങളിലും കൊടുമ്പിരികൊള്ളും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക പരേഡുകൾ, വ്യോമാഭ്യാസ പ്രകടനങ്ങൾ, സ്റ്റേജ് ഷോകൾ, ഘോഷയാത്രകൾ, ജലയാത്രകൾ എന്നിവ അരങ്ങുതകർക്കുകയാണ്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആഘോഷത്തോട നുബന്ധിച്ച് രാജ്യത്തിന്റെ പൈതൃക ശേഷിപ്പുകളും ഫോട്ടോകളും ഒരുക്കിയുള്ള വിവിധ പ്രദർശന പരിപാടികളും ഒരുക്കിയിട്ടുണ്ട്. സൗദി സാംസ്കാരിക മന്ത്രാലയം ഈ വർഷം 'കരകൗശല വസ്തുക്കളുടെ വർഷ'മായി ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ദേശീയ ദിനത്തിൽ പൈതൃക പ്രദർശനങ്ങൾക്ക് പ്രാധാന്യം നൽകുന്നത്. സൗദിയുടെ മഹിതമായ ചരിത്രത്തിന്റെ നാൾവഴികൾ അറിയാനും പുതുതലമുറക്ക് രാജ്യത്തിന്റെ പൗരാണിക ചരിത്ര വിവരങ്ങൾ പകർന്നുനൽകാനും ഒരുക്കുന്ന പ്രദർശനങ്ങൾ വഴിവെക്കുന്നതായി വിലയിരുത്തുന്നു. പുതിയ തലമുറയെ അവരുടെ പൈതൃകവുമായി ഇടപഴകാനും സൗദി കരകൗശല വിദഗ്ധരുടെ കഴിവുകൾ പ്രാദേശികവും ആഗോളവുമായി സന്ദർശകരിലേക്ക് ഉയർത്തിക്കാട്ടാനും കരകൗശല വർഷാചരണത്തിലൂടെ മന്ത്രാലയം ലക്ഷ്യംവെക്കുന്നു. സൗദി പാരമ്പര്യ വസ്ത്രധാരണ രീതി സ്വീകരിച്ചും പരമ്പരാഗത വസ്തുക്കൾ കൈയിലേന്തിയും സൗദി പതാകയുയർത്തിയും കുട്ടികളും മുതിർന്നവരുമെല്ലാം ആഘോഷത്തിന്റെ ഭാഗമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

