കോഴിക്കോട് തെക്കേപ്പുറം പ്രവാസി ഫുട്ബാൾ ടൂർണമെൻറിൽ സൗദി അറേബ്യ കിരീടം ചൂടി
text_fieldsജിദ്ദ: കോഴിക്കോട് പരിസരപ്രദേശമായ തെക്കേപ്പുറത്തുള്ള പ്രവാസികളെ മുഴുവൻ ഒരേ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് തെക്കേപ്പുറം പ്രവാസി ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച വാശിയേറിയ ഫുട്ബാൾ ടൂർണമെന്റിൽ കളിക്കളത്തിലെ ബദ്ധവൈരികളായ യു.എ.ഇ യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സൗദി അറേബ്യ ടെഫ സീസൺ എട്ട് ജേതാക്കളായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നു വന്ന പ്രവാസി ഫുട്ബാൾ മേളയുടെ കലാശക്കളിയിൽ ഒന്നാം പകുതിയുടെ പന്ത്രണ്ടാം മിനിറ്റിൽ മനോഹരമായ ഫീൽഡ് ഗോളിലൂടെ അസ്ഫർ ഇല്ല്യാസ് ആദ്യ ഗോൾ നേടി യു.എ.ഇയെ സമ്മർദത്തിലാക്കി. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച യു.എ.ഇക്ക് തുറന്നു കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാൻ സാധിച്ചില്ല. എന്നാൽ കൂടുതൽ ഒത്തിണക്കത്തോടെ കളിയുടെ താളം വീണ്ടെടുത്ത സൗദി അസാം ഇൻസാഫിന്റെ മിന്നുന്ന പ്രകടനത്തിൽ ലീഡ് ഉയർത്തുകയും ടെഫ ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി സൗദി അറേബ്യയുടെ മുൻനിര താരം സൽമാൻ അൻവറിനെയും, മികച്ച ഗോൾ കീപ്പറായി യു.എ.ഇയുടെ ഹിഷാം കാടാക്കിയെയും തെരഞ്ഞെടുത്തു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സൗദിയുടെ അസ്ഫർ ഇല്യാസിനെ എമർജിങ് പ്ലെയറായും തെരഞ്ഞെടുത്തു. സമാപന ചടങ്ങിൽ ടെഫ വൈസ് ചെയർമാൻ ഇസ്മായിൽ പള്ളിവി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

