സൈബർ സുരക്ഷ; രാജ്യത്തിന്റെ ഒന്നാം സ്ഥാനം നിലനിർത്തും
text_fieldsജിദ്ദ അൽ സലാം കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ േചർന്ന സൗദി മന്ത്രിസഭായോഗം
ജിദ്ദ: സൈസബർ സുരക്ഷയിൽ രാജ്യം നേടിയ ഒന്നാം സ്ഥാനം നിലർനിർത്താൻ മന്ത്രിസഭ തീരുമാനിച്ചു. 2025 ലെ ആഗോള മത്സരക്ഷമത റിപ്പോർട്ടിൽ സൈബർ സുരക്ഷാസൂചികയിൽ രാജ്യം നേടിയ ഒന്നാം സ്ഥാനം നിലനിർത്തുമെന്ന് ബുധനാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ അൽ സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ഈ രംഗത്ത് റെക്കോർഡ് സമയത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങളിലൊന്നാണിത്.
ഐ.സി.ടി വികസന സൂചികയിൽ ആഗോളതലത്തിൽ സൗദിയുടെ ഒന്നാം സ്ഥാനം, സ്മാർട്ട് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ശക്തി, നിക്ഷേപ അന്തരീക്ഷത്തിന്റെ ആകർഷണീയത, 49500 കോടി സൗദി റിയാലിലെത്തിയ പ്രാദേശിക ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വികസനം എന്നിവയുടെ സ്ഥിരീകരണമാണിതെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായുള്ള ഔദ്യോഗിക ചർച്ചകളുടെ ഉള്ളടക്കത്തെക്കുറിച്ചും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിലുമായി ഫോണിൽ സംസാരിച്ചതിനെക്കുറിച്ചും കിരീടാവകാശി മന്ത്രിസഭയിൽ വിശദീകരിച്ചു. സൗദി-ഇന്തോനേഷ്യൻ സുപ്രീം കോഓഡിനേഷൻ കൗൺസിലിന്റെ ആദ്യ യോഗത്തിൽ കൈവരിച്ച ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. ഇത് ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയും വിശാലമായ ചക്രവാളങ്ങളിലേക്ക് അവയെ മുന്നോട്ട് കൊണ്ടുപോകാനുള്ള താൽപ്പര്യവും ഉൾക്കൊള്ളുന്നു.
ശുദ്ധമായ ഊർജം, പെട്രോകെമിക്കൽ വ്യവസായങ്ങൾ, വ്യോമയാന ഇന്ധന സേവനങ്ങൾ, വിപുലമായ സാമ്പത്തിക പങ്കാളിത്തം എന്നി ഉൾക്കൊള്ളുന്ന കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളിലെയും സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ഒപ്പുവെച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. എണ്ണ വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനായി ഒപെക് പ്ലസ് രാജ്യങ്ങളുമായുള്ള തുടർച്ചയായ സഹകരണവും ഏകോപനവും ഉൾപ്പെടെ ബഹുമുഖ നടപടികളെ പിന്തുണയ്ക്കുന്നതിനും ആഗോള സാമ്പത്തിക വളർച്ചാനിരക്ക് വർധിപ്പിക്കുന്നതിനുമുള്ള സൗദിയുടെ അന്താരാഷ്ട്ര ശ്രമങ്ങളും സംഭാവനകളും മന്ത്രിസഭ ചർച്ച ചെയ്തു.
നവംബറിൽ റിയാദിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ വ്യവസായിക വികസന സംഘടനയുടെ പൊതുസമ്മേളനത്തിന് സൗദി ആതിഥേയത്വം വഹിക്കുന്നതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. കിരീടാവകാശി ആരംഭിച്ച ‘സൈബർസ്പെയ്സിൽ കുട്ടികളെ സംരക്ഷിക്കൽ’എന്ന ആഗോള സംരംഭത്തെ അടിസ്ഥാനമാക്കി, ഡിജിറ്റൽ മേഖലയിൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി സൗദി സമർപ്പിച്ച പ്രമേയം യു.എൻ മനുഷ്യാവകാശ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചതിനെ മന്ത്രിസഭ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

