സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കൽ അമേരിക്കൻ നടപടിയെ സൗദി സ്വാഗതം ചെയ്തു
text_fieldsറിയാദ്: ‘സീസർ നിയമ’പ്രകാരം സിറിയയിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ നീക്കാൻ അമേരിക്ക നടപടി കൈക്കൊണ്ടതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
ഈ നടപടി സിറിയയിലെ സ്ഥിരത, സമൃദ്ധി, വികസനം എന്നിവയെ പിന്തുണക്കുമെന്നും അതുവഴി സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്നും അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ റിയാദിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ചരിത്രപരമായ സന്ദർശന വേളയിലാണ് സിറിയക്ക് മേൽ ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും പിൻവലിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
ഈ കാര്യത്തിൽ ട്രംപിന്റെ ‘മഹത്തായ പോസിറ്റീവ് പങ്കിനെ’ സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പ്രശംസിച്ചു. ഒപ്പം സിറിയൻ സർക്കാരിനും ജനതയ്ക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
സിറിയൻ പ്രദേശങ്ങളിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ പുനർനിർമാണത്തിനും അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും തിരികെ കൊണ്ടുവരുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ചു.
ഉപരോധങ്ങൾ നീക്കാനും ‘സീസർ നിയമം’ നിർത്തലാക്കാനുമുള്ള തീരുമാനം സിറിയയുടെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമാണ്.
സിറിയൻ സമ്പദ്വ്യവസ്ഥയുടെ എല്ലാ വശങ്ങളിലും വീണ്ടെടുക്കലിൽ നല്ല സ്വാധീനം ചെലുത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണിത്.
സിറിയക്കുമേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുകയെന്ന ലക്ഷ്യത്തോടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ശ്രമങ്ങളുടെ ഫലമായാണ് ‘സീസർ നിയമം’ റദ്ദാക്കാനും സിറിയക്കുമേലുള്ള ഉപരോധങ്ങൾ നീക്കാനുമുള്ള തീരുമാനത്തിൽ യു.എസ് പ്രസിഡന്റ് ഒപ്പുവെച്ചത്.
ഇതിലൂടെ സിറിയക്കാർക്ക് വീണ്ടെടുക്കലിന്റെയും സ്ഥിരതയുടെയും ഒരു പുതിയ യുഗമാണ് പിറക്കുന്നത്.
ചരിത്രപരവും നിർണായകവുമായ ഒരു നീക്കത്തിൽ വർഷങ്ങളുടെ സാമ്പത്തിക നിയന്ത്രണങ്ങൾക്കും മാനുഷിക ദുരിതങ്ങൾക്കും ശേഷം സിറിയക്കെതിരായ യു.എസ് ഉപരോധങ്ങൾ നീക്കാനുള്ള തീരുമാനത്തിൽ സിറിയൻ ജനത അതിയായ സന്തോഷം പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര ഉപരോധങ്ങളുടെ ഫലമായി കഠിനമായ ജീവിത, സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സമയത്ത് സിറിയൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും രാഷ്ട്രീയമായും സാമ്പത്തികമായും മാനുഷികമായും അവരെ പിന്തുണയ്ക്കുന്നതിനും സൗദി നേതൃത്വം നടത്തിയ അക്ഷീണ ശ്രമങ്ങളെയും പ്രധാന പങ്കിനെയും സിറിയൻ ജനത പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

