യു.എസ്-ഇറാൻ കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ; സമാധാന ശ്രമങ്ങൾക്ക് പിന്തുണ
text_fieldsറിയാദ്: അമേരിക്കയും ഇറാനും തമ്മിൽ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനായി രൂപവത്കരിച്ച പുതിയ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തലാക്കാനും 60 ദിവസത്തിനുള്ളിൽ വിഷയം സംബന്ധിച്ച് വിശദമായ ചർച്ചകൾ ആരംഭിക്കാനും ധാരണയായ കരാറിനാണ് സൗദി വിദേശകാര്യ മന്ത്രാലയം പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്താനും ഖത്തറും നടത്തിയ നയതന്ത്ര മധ്യസ്ഥ ശ്രമങ്ങളെ സൗദി അറേബ്യ പ്രത്യേകം പ്രശംസിച്ചു. ഒപ്പം ചർച്ചകളോട് അനുകൂലമായി പ്രതികരിക്കുകയും കരാറിലേക്ക് എത്തിച്ചേരാൻ താല്പര്യം കാണിക്കുകയും ചെയ്ത അമേരിക്കയുടെയും ഇറാെൻറയും നിലപാടുകളെ മന്ത്രാലയം അഭിനന്ദിക്കുകയും ചെയ്തു.
ഹുർമുസ് കടലിടുക്കിലെ സുരക്ഷയും അന്താരാഷ്ട്ര നാവിഗേഷൻ സ്വാതന്ത്ര്യവും ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സൗദി റിപ്പോർട്ടിൽ ഊന്നിപ്പറയുന്നുണ്ട്. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷാ താൽപ്പര്യങ്ങൾ പരസ്പരം പരിഗണിച്ചും പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിച്ചും മുന്നോട്ട് പോകേണ്ടതുണ്ട്. പ്രാദേശികവും ആഗോളവുമായ സുരക്ഷ ദൃഢമാക്കുന്ന ഒരു ശാശ്വത സമാധാന കരാറിലേക്ക് ഈ നീക്കം വഴിമാറുമെന്ന പ്രതീക്ഷയും സൗദി അറേബ്യ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

