കോംഗോയിൽ സമാധാനം; മധ്യസ്ഥത വഹിച്ച ഖത്തറിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്തു സൗദി
text_fieldsജിദ്ദ: കോംഗോയുടെ കിഴക്കൻ മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാൻ നിർണായക പങ്കുവഹിച്ച ഖത്തറിനെ പ്രശംസിച്ച് സൗദി അറേബ്യ. ദോഹയിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ച കരാറിനുവേണ്ടി ഖത്തർ വഹിച്ച നയതന്ത്ര ശ്രമങ്ങളെയും ക്രിയാത്മക പങ്കിനെയും സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. തത്ത്വപ്രഖ്യാപന കരാറിനെ സ്വാഗതം ചെയ്ത സൗദി, ഇത് കോംഗോയിലെ മാനുഷികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സുരക്ഷക്കും സമാധാനത്തിനും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു. കോംഗോ സർക്കാരും വിമതപക്ഷമായ കോംഗോ റിവർ അലയൻസ് എന്നറിയപ്പെടുന്ന ‘മാർച്ച് 23 മൂവ്മെന്റും’ തമ്മിൽ ഖത്തറിന്റെ മധ്യസ്ഥതയിലാണ് സമാധാന കരാറിൽ ഒപ്പുവെച്ചത്. പ്രതിസന്ധിയിലായിരുന്ന മേഖലയിൽ സ്ഥിരത കൈവരിക്കാൻ ഇത് വഴിവെക്കുമെന്ന് വിലയിരുത്തുന്നു. ദീർഘകാലമായി കോംഗോയിൽ തുടരുന്ന സംഘർഷാവസ്ഥക്ക് സമാധാനപരമായ പരിഹാരത്തിലെത്താൻ ഇതുവഴി സാധ്യമാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

