ഗസ്സ യുദ്ധം അവസാനിപ്പിക്കണം; 26 രാജ്യങ്ങളുടെ സംയുക്താഹ്വാനം സ്വാഗതം ചെയ്ത് സൗദി
text_fieldsറിയാദ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും സഹായമെത്തിക്കാനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളുടെ സംയുക്ത ആഹ്വാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. മാനുഷിക സഹായങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നും ഇസ്രായേൽ തുടരുന്ന വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്നും ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, കാനഡ തുടങ്ങി 26 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
ഗസ്സയിലെ ജനങ്ങളുടെ അന്തസ്സും മാനുഷികതയും തകർക്കുന്ന ഇസ്രായേലിന്റെ സഹായ വിതരണ മാതൃകയെയും ശക്തമായി അപലപിച്ചു. സകല അന്തരാഷ്ട്ര നിയമങ്ങളും ലംഘിച്ച് തുടരുന്ന ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായി സാധാരണക്കാരുടെ ദുരിതം അത്യന്തം വഷളായി പുതിയ തലത്തിലേക്ക് മാറിയതായും പ്രസ്താവനയിൽ വ്യക്തമാക്കി. അധിനിവേശ പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങളെയും പ്രസ്താവന നിരാകരിക്കുകയും ഇസ്രായേലി വാസസ്ഥലങ്ങളുടെ വ്യാപനത്തെ അപലപിക്കുകയും ചെയ്തു.
സഹായ വിതരണത്തെ വ്യവസ്ഥാപിതമായി തടസ്സപ്പെടുത്തുകയും ഭക്ഷണം, മരുന്ന്, ശുദ്ധജലം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമ്പോൾ സാധാരണക്കാരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നതുൾപ്പെടെ ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതായി സൗദി അറിയിച്ചു. ഗസ്സയിലെ പ്രതിസന്ധി നീട്ടുന്നതിനും എല്ലാ പ്രാദേശിക, ആഗോള സമാധാന ശ്രമങ്ങളെയും ദുർബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ഹീനമായ നിലപാടുകൾക്കെതിരെ വേഗത്തിലും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കാൻ സൗദി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഗസ്സയിലെ ഇസ്രായേൽ ആക്രമണം 21 മാസവും പിന്നിട്ട് തുടരുന്നതിനിടെയാണ് വൻ ശക്തിരാജ്യങ്ങളുടെ ശക്തമായ പ്രതികരണം സംയുക്ത പ്രസ്താവനയായി ഉയരുന്നത്. യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഹായ ഏജൻസികളുടെ ആവശ്യവും ലംഘിച്ച് കൊണ്ട് തുടരുന്ന ക്രൂരമായ ആക്രമങ്ങളിൽ ഇതിനകം 59,029 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. 1.42 ലക്ഷം പേർക്കാണ് പരിക്കേറ്റത്. ഗസ്സയിലെ 20 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതം നരകയാതനയിലാക്കിയ നടപടികൾക്കെതിരെ ആഗോള തലത്തിൽ ഇതിനകം ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

