Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മാൻ - സൻആ വിമാന സർവിസ്: സ്വാഗതം ചെയ്ത് സൗദി അറേബ്യ

text_fields
bookmark_border
ജോർഡാനും യമനുമിടയിൽ വ്യോമഗതാഗതം സുഗമമാക്കുന്നു
അമ്മാൻ - സൻആ വിമാന സർവിസ്: സ്വാഗതം ചെയ്ത് സൗദി അറേബ്യ
cancel

റിയാദ്: യമൻ ജനതയുടെ മാനുഷിക ആവശ്യങ്ങൾ മുൻനിർത്തി ജോർഡാൻ തലസ്ഥാനമായ അമ്മാനും യമനിലെ സൻആക്കുമിടയിൽ പതിവ് വാണിജ്യ വിമാന സർവിസുകൾ ആരംഭിക്കാനുള്ള ജോർഡാൻ വിദേശകാര്യ മന്ത്രാലയത്തി​െൻറ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന ഈ നീക്കത്തിന് യമൻ സർക്കാർ അംഗീകാരം നൽകിയതിനെയും സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രശംസിച്ചു.

പൗരന്മാർക്ക് മികച്ച സേവനം ഉറപ്പാക്കാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള യമൻ സർക്കാരി​െൻറ താല്പര്യത്തെ പ്രതിഫലിപ്പിക്കുന്ന പോസിറ്റീവായൊരു ചുവടുവെപ്പാണിതെന്ന് സൗദി വിലയിരുത്തി. അതേസമയം, യമൻ ജനതയുടെ ദുരിതം വർധിപ്പിക്കുന്ന മുൻകാല തീരുമാനങ്ങൾ ആവർത്തിക്കുന്നതിന് പകരം, ഹൂത്തികൾ ഈ സംരംഭത്തോട് ക്രിയാത്മകമായി പ്രതികരിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു.

യമനെയും അവിടുത്തെ ജനങ്ങളെയും കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള യാതൊരുവിധ പ്രകോപനപരമായ നടപടികളും ഹൂത്തികളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. യമ​െൻറ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിനും സഹായിക്കുന്ന തരത്തിൽ, രാജ്യത്ത് സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ സംഭാവന നൽകുന്ന എല്ലാ സംരംഭങ്ങൾക്കുമുള്ള പിന്തുണ സൗദി അറേബ്യ ആവർത്തിച്ചു വ്യക്തമാക്കി.

അമ്മാൻ മുതൽ സൻആ വരെ പതിവ് വിമാന സർവിസുകൾ നടത്തുന്നതിനായി റോയൽ ജോർഡാനിയൻ എയർലൈൻസ് പ്രത്യേക സംരംഭം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ജോർഡാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. യമനിലെ ജനങ്ങളുടെ മാനുഷിക ആവശ്യങ്ങളോടുള്ള പ്രതികരണമെന്നോണവും, യമനിലെ സമാധാന പ്രക്രിയയ്ക്കായി സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയേകാനുമാണ് ഈ നടപടിയെന്ന് ജോർഡാൻ വാർത്താ ഏജൻസിയായ ‘പെട്ര’ റിപ്പോർട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിൽ വാണിജ്യ സർവീസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട മുൻ ധാരണകൾ നടപ്പിലാക്കുന്നതി​െൻറ ഭാഗം കൂടിയാണിത്. കഴിഞ്ഞ ദശകങ്ങളിലുടനീളം യമനൊപ്പം ഉറച്ചുനിന്ന ജോർഡാ​െൻറ നിലപാടിനോടുള്ള ആഴത്തിലുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് യമൻ സർക്കാരും ഈ മാനുഷിക സംരംഭത്തെ പൂർണമായി സ്വാഗതം ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia Welcomes Amman - Sana'a Flight Services
Next Story