വിസ കാലാവധി കഴിഞ്ഞവരുടെ വിവരങ്ങൾ അറിയിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ, മുന്നറിയിപ്പുമായി സൗദി
text_fieldsറിയാദ്: സൗദി അറേബ്യയിൽ എൻട്രി വിസ കാലാവധി കഴിഞ്ഞിട്ടും റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ യാത്രാവിവരങ്ങൾ യഥാസമയം അധികൃതരെ അറിയിക്കാത്ത സ്പോൺസർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിപുലമായ കാമ്പയിെൻറ ഭാഗമായാണ് ഈ കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവുമാണ് ശിക്ഷയായി ലഭിക്കുക. കുറ്റം ചെയ്യുന്നത് വിദേശിയായ തൊഴിലുടമയാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം അവരെ സൗദിയിൽ നിന്നും നാടുകടത്തുമെന്നും പൊതു സുരക്ഷാ വകുപ്പ് വ്യക്തമാക്കി.
താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണവും അധികൃതർ തേടിയിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണം. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ഇവർക്ക് നിയമപരമായ മറ്റ് ഉത്തരവാദിത്തങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

