Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി - യു.എ.ഇ വഴി തുറന്നു; സൗദിയിൽ നിന്നും അവധിക്കായി നാട്ടിലേക്ക് പോവുന്നവർ ചാർട്ടേഡ് വിമാനങ്ങളെ കയ്യൊഴിയുന്നു

text_fields
bookmark_border
യു.എ.ഇ വഴി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാവുന്നതിനാൽ യാത്രക്കാർ ഇതുവഴിയുള്ള വിമാനകമ്പനികളെയാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്
saudi arabia
cancel

ജിദ്ദ: സൗദിയിൽ നിന്നും കേരളത്തിലേക്ക് യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങൾ വഴി സർവിസ് ലഭ്യമായതോടെ സൗദി പ്രവാസികൾ ചാർട്ടേഡ് വിമാനങ്ങളെ കയ്യൊഴിയുന്നു. നിലവിൽ ഇന്ത്യ സൗദിയുമായി എയർ ബബിൾ കരാർ ഇല്ലാത്തതിനാൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് സാധാരണ വിമാനസർവിസുകൾ ലഭ്യമല്ല. നേരത്തെ ലഭ്യമായിരുന്ന വന്ദേഭാരത് വിമാനസർവിസുകളും ഇപ്പോൾ നിലച്ച അവസ്ഥയിലാണ്. അതിനാൽ അവധിക്കായി പോവുന്നവർക്ക് വിവിധ വിമാനക്കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾ ആയിരുന്നു ഏക ആശ്രയം.

സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, സൗദി എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയായിരുന്നു ഇതുവരെ പ്രവാസികൾ നാടണഞ്ഞിരുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് കൊടുത്താലും മറ്റു മാർഗങ്ങളൊന്നുമില്ലാത്തതിനാൽ ചാർട്ടേഡ് വിമാനങ്ങൾ പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു. എങ്കിലും ഈ സർവിസുകൾ ഇടക്കിടെ അവസാന നിമിഷം റദ്ദാകുന്നതും ലഗ്ഗേജ് അനുവദിക്കുന്നതിലെ കണിശതയും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. എന്നാലിപ്പോൾ യു.എ.ഇ വഴി കേരളത്തിലേക്ക് സർവിസ് നടത്തുന്ന എയർ അറേബ്യ, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനങ്ങളെയാണ് അധികപേരും ഉപയോഗിക്കുന്നത്.

വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാവുന്നതാണ് യാത്രക്കാരെ ഈ കമ്പനികളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. എയർ അറേബ്യക്ക് സൗദിയിൽ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 10 കിലോ ഹാൻഡ് ബാഗും 30 കിലോ ലഗേജുമായി 927 റിയാൽ മുതൽ വൺവേ ടിക്കറ്റുകൾ ലഭ്യമാണ്. 40 കിലോ ലഗേജ് അനുവദിച്ചുകൊണ്ട് 1143 റിയാലിനും ടിക്കറ്റ് ലഭ്യമാണ്. ഷാർജയിൽ ഒന്ന് മുതൽ 2.40 മണിക്കൂർ വരെ മാത്രമേ ഈ സർവീസിനിടയിൽ കാത്തു നിൽക്കേണ്ടതുള്ളൂവെന്നതും കൂടുതൽ ആളുകൾ എയർ അറേബ്യ സർവിസ് തിരഞ്ഞെടുക്കാൻ കാരണമായിട്ടുണ്ട്.

ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായ് വഴി പരമാവധി 30 കിലോ ലഗേജിൽ 947 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. ഈ വിമാനക്കമ്പനികളുടെ വെബ്സൈറ്റിൽ നിന്നും ബാങ്ക് കാർഡുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റുകൾ നേരിട്ട് എടുക്കുമ്പോഴാണ് കുറഞ്ഞ നിരക്കുകൾ ലഭിക്കുക. ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾ കൂടി സർവിസ് ആരംഭിക്കുന്നതോടെ സൗദി പ്രവാസികളുടെ യാത്ര കൂടുതൽ എളുപ്പമാവും. മറ്റു ഗൾഫ് രാജ്യങ്ങളിലൂടെയും കേരളത്തിലേക്ക് കണക്ഷൻ വിമാനങ്ങൾ ലഭ്യമാണെങ്കിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമല്ല എന്നതും യാത്രക്ക് എടുക്കുന്ന സമയദൂരവും യാത്രക്കാർ ആ സർവിസുകൾ കാര്യമായി തെരഞ്ഞെടുക്കുന്നില്ല. നാട്ടിൽ നിന്നും സൗദിയിലേക്ക് മടങ്ങുന്നവരും ഇപ്പോൾ യു.എ.ഇ ആണ് ഇടത്താവളമായി തെരഞ്ഞെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia UAE chartered flights
Next Story