ടൂറിസം മേഖലയിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ സൗദി
text_fieldsടോളിഡോയിൽ യു.എൻ ടൂറിസം ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് പങ്കെടുത്തപ്പോൾ
റിയാദ്: ആഗോള ടൂറിസം മേഖലയിൽ അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് സൗദി അറേബ്യ. സ്പെയിനിലെ ടോളിഡോയിൽ നടന്ന യു.എൻ ടൂറിസം ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് കൗൺസിലിെൻറ 126ാമത് സെഷനിലാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്.
യു.എൻ ടൂറിസം ഓർഗനൈസേഷനുമായും മറ്റ് അംഗരാജ്യങ്ങളുമായും നിലവിലുള്ള പങ്കാളിത്തം തുടരുമെന്നും, ആഗോള ടൂറിസത്തിെൻറ പുരോഗതിയും പൊതുവായ ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള അന്താരാഷ്ട്ര സഹകരണത്തിന് പൂർണ പിന്തുണ നൽകുമെന്നും സൗദി വീണ്ടും ഉറപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സംയുക്ത പ്രവർത്തനങ്ങൾ സജീവമാക്കാനും സഹകരണം വർധിപ്പിക്കാനുമുള്ള രാജ്യത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് സൗദി ഈ കൗൺസിലിൽ പങ്കെടുത്തത്.
ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ടൂറിസം മേഖലയെ പ്രാപ്തമാക്കുന്നതിന് സംയുക്തവും പ്രായോഗികവുമായ നടപടികൾ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തിൽ പങ്കെടുത്ത സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് പ്രസ്താവിച്ചു. ആഗോള സാമ്പത്തിക-ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും ടൂറിസം മേഖല അതിെൻറ പ്രതിരോധശേഷിയും പൊരുത്തപ്പെടാനുള്ള ശേഷിയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
നിലവിൽ ഇത് ദേശീയ സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്തംഭമായും വികസനത്തിെൻറ ചാലകശക്തിയായും മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം റിയാദ് ആതിഥേയത്വം വഹിച്ച സംഘടനയുടെ പൊതുസഭയുടെ തീരുമാനങ്ങളും, പ്രത്യേകിച്ച് ‘ടൂറിസത്തിെൻറ ഭാവിയെക്കുറിച്ചുള്ള റിയാദ് പ്രഖ്യാപനവും’ മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ആഗോള ടൂറിസത്തിെൻറ സുസ്ഥിരമായ വളർച്ചയും സമൃദ്ധിയും ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ ചട്ടക്കൂടാണ് റിയാദ് പ്രഖ്യാപനം മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
കൗൺസിൽ യോഗത്തിനിടെ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് ലോകമെമ്പാടുമുള്ള നിരവധി ടൂറിസം മേഖലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യ, സ്പെയിൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുമായി നടത്തിയ ചർച്ചകൾ ഇതിൽ പ്രധാനപ്പെട്ടതാണ്. ടൂറിസം രംഗത്തെ അന്താരാഷ്ട്ര സഹകരണ സാധ്യതകൾ, പരിശീലനം, അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള സംയുക്ത പരിപാടികൾക്കും പദ്ധതികൾക്കും തുടക്കം കുറിക്കുന്നതിനുള്ള അവസരങ്ങൾ ഈ കൂടിക്കാഴ്ചകളിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

