സിറിയക്ക് 16.5 ലക്ഷം ബാരൽ അസംസ്കൃത എണ്ണ സൗദി നൽകും
text_fieldsറിയാദ്: സിറിയക്ക് 16.5 ലക്ഷം ബാരൽ അസംസ്കൃത എണ്ണ സൗദി വിതരണം ചെയ്യും. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഉദാരമായ നിർദേശപ്രകാരമാണിത്. സിറിയയിലെ സൗദി അംബാസഡർ ഡോ. ഫൈസൽ അൽ മജ്ഫലിന്റെയും ഊർജ മന്ത്രാലയത്തിലെ പെട്രോളിയം, ഗ്യാസ് എന്നിവയുടെ സാങ്കേതിക, നിയന്ത്രണ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി എൻജിനീയർ മജീദ് അൽഉതൈബിയുടെയും സാന്നിധ്യത്തിൽ സൗദി വികസന ഫണ്ട് സി.ഇ.ഒ സുൽത്താൻ അൽമിർഷാദും സിറിയൻ ഊർജ മന്ത്രി മുഹമ്മദ് അൽബഷീറും ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പുവെച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെ അടിസ്ഥാനമാക്കി സിറിയൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം. സിറിയൻ റിഫൈനറികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനപരവും സാമ്പത്തികവുമായ സുസ്ഥിരത കൈവരിക്കുന്നതിനും സാമ്പത്തിക വികസനത്തെ പിന്തുണക്കുന്നതിനും സിറിയയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനും സുപ്രധാന മേഖലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ദേശീയ, അന്തർദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിനും ഇത് സഹായിക്കും. പ്രാദേശിക വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഊർജ സ്രോതസ്സുകളുടെ ക്ഷാമം ബാധിച്ച സുപ്രധാന മേഖലകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്നതിനുമായി പെട്രോളിയം ഉൽപന്നങ്ങളും വിതരണവും കരാറിൽ ഉൾപ്പെടുന്നു.
സിറിയക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നത് സമ്പദ്വ്യവസ്ഥയെ പിന്തുണക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സൗദി വികസന ഫണ്ട് സി.ഇ.ഒ സുൽത്താൻ അൽമുർഷിദ് പറഞ്ഞു. സിറിയയുമായുള്ള കരാർ സിറിയൻ ജനതക്കുള്ള ഞങ്ങളുടെ പിന്തുണയുടെ ഒരു വിപുലീകരണമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ വിതരണം ചെയ്യുന്ന അസംസ്കൃത എണ്ണ ബനിയാസ് ശുദ്ധീകരണശാലയിലേക്ക് മാറ്റുമെന്ന് സിറിയൻ ഊർജ മന്ത്രി മുഹമ്മദ് അൽബഷീർ പറഞ്ഞു.സൗദി അറേബ്യയുമായുള്ള ക്രൂഡ് ഓയിൽ കരാർ സാമ്പത്തിക വികസനത്തിന് സഹായകമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.16.5 ലക്ഷം ബാരൽ അസംസ്കൃത എണ്ണ നൽകിയതിന് സൗദിയോട് ഞങ്ങൾ നന്ദി പറയുന്നുവെന്നും സിറിയൻ ഊർജ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

