അന്താരാഷ്ട്ര ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിന് സൗദി അറേബ്യ വേദിയാകുന്നു
text_fieldsഈ വർഷത്തെ അന്താരാഷ്ട്ര ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിന് വേദിയാകുന്ന ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി
റിയാദ്: അന്താരാഷ്ട്ര ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിെൻറ മൂന്നാം പതിപ്പിന് (ഇൻസോ 2026) സൗദി അറേബ്യ വേദിയാകുന്നു. ജിദ്ദയിൽ നടക്കുന്ന ഉച്ചകോടിയിൽ 19 രാജ്യങ്ങളിൽ നിന്നായി 120-ഓളം വിദ്യാർത്ഥികളും ശാസ്ത്ര വിദഗ്ധരും പങ്കെടുക്കും.
സൗദി വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ), കിങ് അബ്ദുള്ള സിറ്റി ഫോർ അറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജി (കാകെയർ) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് രണ്ട് മുതൽ ഒമ്പത് വരെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലാണ് ഒളിമ്പ്യാഡ് അരങ്ങേറുന്നത്. ആഗസ്റ്റ് മൂന്നിന് മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസിെൻറ രക്ഷാകർതൃത്വത്തിൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും.
2024-ൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അംഗീകാരം നൽകിയ ഇൻസോ, ന്യൂക്ലിയർ സയൻസിലും അതിെൻറ സമാധാനപരമായ പ്രയോഗങ്ങളിലും വിദ്യാർത്ഥികൾക്ക് അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനുള്ള പ്രമുഖ ആഗോള ശാസ്ത്ര വേദിയാണ്.
ന്യൂക്ലിയർ സാങ്കേതികവിദ്യകളുടെ സുരക്ഷിതവും സമാധാനപരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഈ മേഖലയിൽ ഉന്നത പഠനത്തിന് യുവാക്കളെ പ്രചോദിപ്പിക്കുക, ആണവശാസ്ത്രത്തിെൻറ സമാധാനപരമായ സാദ്ധ്യതകൾ വിപുലീകരിക്കുന്നതിന് നൂതന പരിഹാരങ്ങൾ വികസിപ്പിക്കാൻ അവരെ പ്രാപ്തരാക്കുക എന്നിവയാണ് ഇതിെൻറ പ്രധാന ലക്ഷ്യങ്ങൾ.
പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ശാസ്ത്ര വേദികളിൽ മത്സരിക്കാൻ അവസരമൊരുക്കുകയും നിരന്തര പിന്തുണ നൽകുകയും ചെയ്യുന്ന ഭരണനേതൃത്വത്തിന് മൗഹിബ സെക്രട്ടറി ജനറൽ അബ്ദുൽ അസീസ് അൽ കുറൈദിസ് നന്ദിയും ആദരവും അറിയിച്ചു. ഈ ആഗോള ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നതിൽ പങ്കാളികളായ വിദ്യാഭ്യാസ മന്ത്രാലയവുമായും കാകെയറുമായും ഉള്ള തന്ത്രപ്രധാന സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.
പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും വളർത്തുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളിൽ വിദ്യാഭ്യാസ മന്ത്രാലയം മൗഹിബയുടെ പ്രധാന പങ്കാളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒളിമ്പ്യാഡ് സംഘാടനത്തിലും ആണവോർജ്ജത്തിെൻറ സമാധാനപരമായ ഉപയോഗങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലും കാകെയർ നൽകിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.
അന്താരാഷ്ട്ര ശാസ്ത്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യ കൈവരിച്ചുവരുന്ന ആഗോള പ്രാധാന്യത്തെയാണ് ഈ ഒളിമ്പ്യാഡിെൻറ ആതിഥേയത്വം എടുത്തുകാണിക്കുന്നത്. 2024-ൽ ഫിലിപ്പീൻസിൽ നടന്ന പ്രഥമ പതിപ്പിലും 2025-ൽ മലേഷ്യയിൽ നടന്ന രണ്ടാം പതിപ്പിലും മൗഹിബയെ പ്രതിനിധീകരിച്ച് സൗദി അറേബ്യ പങ്കെടുത്തിരുന്നു. ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം അഞ്ച് അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് സൗദി വിദ്യാർത്ഥികൾ ഇതുവരെ സ്വന്തമാക്കിയത്. മൂന്നാം പതിപ്പിന് വേദിയാകുന്നതിലൂടെ ശാസ്ത്രീയ മികവിനെ പിന്തുണയ്ക്കുന്നതിൽ രാജ്യത്തിനുള്ള പ്രതിബദ്ധതയാണ് സൗദി അറേബ്യ വീണ്ടും വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

