യൂറോപ്പിലേക്ക് സൗദിയിൽനിന്ന് ഹരിത ഹൈഡ്രജൻ കയറ്റുമതി ചെയ്യും, ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsയൂറോപ്പിലേക്ക് സൗദിയിൽനിന്ന് ഹരിത ഹൈഡ്രജൻ കയറ്റുമതി ചെയ്യാനുള്ള ധാരണപത്രത്തിൽ
ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും എ.സി.ഡബ്ല്യു.എ പവറും ഒപ്പുവെച്ചപ്പോൾ
യാംബു: ആഗോളതലത്തിൽ ശുദ്ധമായ ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന കേന്ദ്രമായി മാറാനുള്ള ശ്രമങ്ങളിലെ പ്രധാന ചുവടുവെപ്പായി യൂറോപ്പിലേക്ക് ഹരിത ഹൈഡ്രജൻ കയറ്റുമതി ചെയ്യാനൊരുങ്ങി സൗദി അറേബ്യ. യൂറോപ്പിലേക്ക് ഗ്രീൻ ഹൈഡ്രജനും പുനരുപയോഗ ഊർജവും കയറ്റുമതി ചെയ്യുന്നതിനായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. റിയാദിൽ നടന്ന ഒരു ഉന്നതതല ശിൽപശാലയിൽ പ്രമുഖ അന്താരാഷ്ട്ര പങ്കാളികളുമായി എ.സി.ഡബ്ല്യു.എ പവർ നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചതോടെ കയറ്റുമതിക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
സൗദി ഊർജ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പങ്കെടുത്ത പുനരുപയോഗ ഊർജ, ഗ്രീൻ ഹൈഡ്രജൻ കയറ്റുമതി വർക്ഷോപ്പിൽ സൗദി, ഗ്രീസ്, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ആഗോള ഊർജ സ്ഥാപനങ്ങളുടെയും ദേശീയ സ്ഥാപനങ്ങളുടെയും എക്സിക്യൂട്ടിവുകളും ഒത്തുചേർന്നു. കയറ്റുമതിക്കായി സമർപ്പിച്ചിരിക്കുന്ന രാജ്യത്ത് വലിയ തോതിലുള്ള പുനരുപയോഗ ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിനും സൗദി അറേബ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ട്രാൻസ്മിഷൻ ഇടനാഴികൾ സൃഷ്ടിക്കുന്നതിനും ശക്തമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് കരാറുകളുടെ ലക്ഷ്യം.
കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന തന്ത്രപരമായ സ്ഥാനം ശക്തിപ്പെടുത്തുന്ന ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ രാജ്യത്തിന്റെ പ്രധാന പങ്കിന്റെ ഭാഗമാണിത്. വൈദ്യുതി കയറ്റുമതിക്കുള്ള വിപണി ആവശ്യകതയും സാങ്കേതിക സാധ്യതയും വിലയിരുത്തുന്നതിനായി എഡിസൺ എസ്.പി.എ (ഇറ്റലി), ടോട്ടൽ എനർജിസ് റിന്യൂവബിൾസ് എസ്.എ.എസ് (ഫ്രാൻസ്), ഷെറോ യൂറോപ്പ് ബി.വി (നെതർലാൻഡ്സ്), എൻ.ബി.ഡബ്ല്യു (ജർമനി) എന്നിവയുൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ സ്ഥാപനങ്ങളും എ.സി.ഡബ്ല്യു.എ പവറും തമ്മിൽ ഒരു മൾട്ടി-പാർട്ടി എം.ഒയും ഒപ്പുവെച്ചു.
2030ൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ‘യാംബു ഗ്രീൻ ഹൈഡ്രജൻ ഹബ്ബി’ൽ സഹകരിക്കുന്നതിന് ജർമനിയുടെ എൻ.ബി.ഡബ്ല്യുവുമായി ഒരു സംയുക്ത വികസന കരാറും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. പുനരുപയോഗ ഊർജ ഉൽപാദനം, ഡീസലൈനേഷൻ, വൈദ്യുതവിശ്ലേഷണം, അമോണിയ പരിവർത്തനം, കയറ്റുമതി ടെർമിനൽ എന്നിവയുള്ള ഒരു പൂർണ സംയോജിത സമുച്ചയമായിരിക്കും ഈ പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ തരത്തിലുമുള്ള ഊർജം കയറ്റുമതി ചെയ്യാൻ സൗദി ഒരുങ്ങിയതോടെ സാമ്പത്തിക വൈവിധ്യം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ സൗദിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

