ലോക പവിഴപ്പുറ്റ് ഉച്ചകോടിക്ക് സൗദി അറേബ്യ വേദിയാകും
text_fieldsറിയാദ്: സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിൽ നിർണായക ചുവടുവെപ്പുമായി സൗദി അറേബ്യ. ഈ വർഷം അവസാന പാദത്തിൽ നടക്കുന്ന ലോകത്തെ ആദ്യ ‘പവിഴപ്പുറ്റ് ഉച്ചകോടി’ക്ക് രാജ്യം ആതിഥേയത്വം വഹിക്കും. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിെൻറ വാർഷിക യോഗത്തോടനുബന്ധിച്ച് നടന്ന ‘സൗദി ഹൗസ്’ പരിപാടിയിൽ യു.എസിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ അൽ സഊദാണ് ഈ പ്രഖ്യാപനം നടത്തിയത്.
ആഗോള പരിസ്ഥിതി വെല്ലുവിളികളെ നേരിടുന്നതിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കും സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയും ഉച്ചകോടിയിൽ ചർച്ചയാകും. പവിഴപ്പുറ്റ് സംരക്ഷണത്തിനായുള്ള ഏറ്റവും പുതിയ ആഗോള രീതികളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്താൻ 45 അംഗരാജ്യങ്ങളുള്ള ‘ഇൻറർനാഷനൽ കോറൽ റീഫ് ഇനിഷ്യേറ്റീവി’െൻറ അധ്യക്ഷ പദവി വഹിക്കുന്ന സൗദി, ആഗോളതലത്തിൽ കൂട്ടായ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകും.
ചെങ്കടലിലെ പവിഴപ്പുറ്റുകളുടെയും കടലാമകളുടെയും സംരക്ഷണത്തിനായുള്ള പ്രത്യേക കർമപദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള ചർച്ച ഉച്ചകോടിയുടെ ഭാഗമാകും. ‘സമുദ്ര സംരക്ഷണ രംഗത്തെ പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ ഉച്ചകോടി. അത്യാധുനിക സംവിധാനങ്ങളിലൂടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു.
ചെങ്കടലിലെ പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ജനറൽ ഓർഗനൈസേഷൻ ഫോർ ദ കൺസർവേഷൻ ഓഫ് കോറൽ റീഫ്സ് ആൻഡ് ടർട്ടിൽസിെൻറ മേൽനോട്ടത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഭീഷണി നേരിടുന്ന സമുദ്ര ജീവനുകളെ സംരക്ഷിക്കുന്നതിൽ ഈ ഉച്ചകോടി ഒരു പുതിയ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

