ലോകാരോഗ്യ സംഘടന വൈസ് ചെയർമാൻ പദവിയിൽ സൗദി
text_fieldsജനീവയിൽ ലോകാരോഗ്യ സംഘടന എക്സിക്യുട്ടീവ് ബോർഡ് യോഗത്തിൽ സൗദി ആരോഗ്യ മന്ത്രാലയ പ്രതിനിധി റഖാൻ ഖാലിദ് ബിൻ ദോഹൈഷ് സംസാരിക്കുന്നു
ജിദ്ദ: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) എക്സിക്യൂട്ടീവ് ബോർഡ് വൈസ് ചെയർമാൻ പദവിയിലേക്ക് സൗദി അറേബ്യ തെരഞ്ഞെടുക്കപ്പെട്ടു. ജനീവയിൽ നടന്ന സംഘടനയുടെ 78ാമത് സമ്മേളനം 57ാം സെഷെൻറ ആദ്യ ബോർഡ് യോഗത്തിലാണ് 2025–28 കാലയളവിലേക്കുള്ള ബോർഡ് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്.
ചെയർമാൻ സ്ഥാനം ഓസ്ട്രേലിയക്കാണ് ലഭിച്ചത്. 2028 പകുതി വരെയാണ് കാലാവധി. ജനീവ സമ്മേളനത്തിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ വിഭാഗം അണ്ടർ സെക്രട്ടറി റഖാൻ ഖാലിദ് ബിൻ ദോഹൈഷ് ആണ് നയിച്ചത്.
ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജലിന്റെ പ്രതിനിധിയായാണ് അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തത്. വിവിധ അംഗരാജ്യങ്ങളുടെ പ്രതിനിധികളായ 34 അംഗങ്ങൾ അടങ്ങുന്ന ബോർഡാണ് സംഘടനയുടെ പ്രമേയങ്ങളും ശിപാർശകളും നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത്.
സംഘടനയുടെ പരമോന്നത തീരുമാനമെടുക്കൽ സമതിയും എക്സിക്യൂട്ടീവ് ബോർഡ് തന്നെയാണ്. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ മുൻഗണന ക്രമത്തിലുള്ള ആരോഗ്യ പരിപാടികൾക്കും നയരൂപവത്കരണത്തിനും എക്സിക്യൂട്ടീവ് ബോർഡ് ആണ് മേൽനോട്ടം വഹിക്കുന്നത്. സൗദിക്ക് പുറമെ മറ്റ് മൂന്ന് വൈസ് ചെയർ സ്ഥാനങ്ങളിലേക്ക് നോർവേ, ടോഗോ, തായ്ലൻഡ് എന്നീ രാജ്യങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് സൗദി അറേബ്യയെ പരിഗണിച്ചത് ആരോഗ്യമേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പാശ്ചാത്തലത്തിൽ കൂടിയാണെന്ന് സൗദി പ്രതിനിധി സംഘം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

