സൗദിയിൽ ഗതാഗത പരിശോധന കർശനം: ഒരു മാസത്തിനിടെ 90,000 നിയമലംഘനങ്ങൾ
text_fieldsയാംബു: സൗദി അറേബ്യയിലെ കര, കടൽ, റെയിൽ ഗതാഗത മേഖലകളിൽ ജനുവരിയിൽ നടത്തിയ പരിശോധനകളിൽ 90,000-ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി സൗദി പൊതുഗതാഗത അതോറിറ്റി (ടി.ജി.എ) അറിയിച്ചു. വിവിധ വകുപ്പുകളുമായി സഹകരിച്ച് രാജ്യത്തുടനീളം നടത്തിയ 437,000-ത്തിലധികം പരിശോധനകളിൽ നിന്നാണ് ഇത്രയും നിയമലംഘനങ്ങൾ പിടികൂടിയത്.
ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് മക്ക മേഖലയിലാണ്. 30,000ത്തിലധികം നിയമലംഘനമാണ് ഇവിടെ നിന്ന് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ റിയാദ് (24,000), കിഴക്കൻ പ്രവിശ്യ (11,000), മദീന (6,000), അസീർ (4,000) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ നിയമലംഘനങ്ങൾ. പിടിക്കപ്പെട്ടവയിൽ ഭൂരിഭാഗവും ഇനി പറയുന്ന കാരണങ്ങൾ മൂലമാണെന്ന് അതോറിറ്റി വ്യക്തമാക്കി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് അനധികൃതമായി ഗതാഗത സേവനങ്ങൾ നടത്തുക, ലൈസൻസ് ഇല്ലാതെയും കാലാവധി കഴിഞ്ഞ പെർമിറ്റുകൾ ഉപയോഗിച്ചും സർവിസ് നടത്തുക എന്നിവയാണ് പ്രധാന നിയമലംഘനങ്ങൾ.
‘ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധനകൾ. വരും ദിവസങ്ങളിലും കർശനമായ നിരീക്ഷണം തുടരും’ -പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് അതോറിറ്റിയുടെ ഈ നീക്കം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

