ഗാർഹിക സുരക്ഷ നിയമം ശക്തമാക്കി സൗദി
text_fieldsഎച്ച്.ആർ.സി ചെയർമാൻ അവാദ് അൽ അവാദ്, അമീറ ലുൽവ ബിൻത് നവാഫ് ബിൻ മുഹമ്മദ് എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
യാംബു: ഗാർഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പൂർണമായും ഇല്ലാതാക്കാനും പുതിയ നിയമ പരിരക്ഷയൊരുക്കി സൗദി. മനുഷ്യാവകാശ സംരക്ഷണത്തിൽ ഏകോപനം വർധിപ്പിക്കുന്നതിനും ഗാർഹിക പീഡനം കുറക്കുന്നതിനും സ്ത്രീ സുരക്ഷയെ കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനുമായി മനുഷ്യാവകാശ കമീഷനും (എച്ച്.ആർ.സി) മവദ്ദ ചാരിറ്റബിൾ അസോസിയേഷനും (എം.സി.എ) ധാരണപത്രത്തിൽ ഒപ്പുെവച്ചു. എച്ച്.ആർ.സി ചെയർമാൻ അവാദ് അൽ അവാദ്, അമീറ ലുൽവ ബിൻത് നവാഫ് ബിൻ മുഹമ്മദ് എന്നിവരാണ് കഴിഞ്ഞദിവസം ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഗാർഹിക പീഡനത്തെ നേരിടാൻ സ്വതന്ത്ര സമിതി സ്ഥാപിക്കാനും ദുരുപയോഗത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കാനും തീരുമാനമായി. ഗാർഹിക പീഡനത്തെ ചെറുക്കുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി നിയമപരമായ ചട്ടക്കൂട് രൂപപ്പെടുത്താനും ധാരണയായി. ഗാർഹിക പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും സമിതിയെ ചുമതലപ്പെടുത്തും. ഗാർഹിക മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും നിലവിലുള്ള സാഹചര്യം അവലോകനം ചെയ്യാനും നിലവിലുള്ള നിയമങ്ങളിൽ കൂടുതൽ പരിഷ്കരണങ്ങൾ വരുത്താനുള്ള ഗവേഷണത്തിനും ധാരണപത്രം വഴിവെക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് സൗദിയിൽ നേരത്തേ തന്നെ ശിക്ഷ കടുത്തതാണ്. ശാരീരികമായും മാനസികമായും സ്ത്രീകളെ പീഡിപ്പിക്കുന്നവർക്ക് ഒരു വർഷം കഠിന തടവും 5000 റിയാൽ പിഴയും ശിക്ഷ നിലവിലുണ്ട്. സ്ത്രീകൾക്കെതിരെ ആരെങ്കിലും അതിക്രമം കാണിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ ധാരണപത്രം വഴി ഗാർഹിക പീഡനങ്ങൾ വൻതോതിൽ കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൗദി. സ്ത്രീകൾക്കനുകൂലമായ ഒട്ടേറെ നിയമങ്ങൾ ഈയിടെ സൗദി നടപ്പാക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷ വർധിപ്പിക്കുക എന്നത് പ്രാധാന്യപൂർവമാണ് ഭരണകൂടം കാണുന്നത്.
സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സുരക്ഷയും നൽകുന്നതോടൊപ്പം അവരുടെ മാനുഷിക അവകാശങ്ങൾ സംരക്ഷിക്കാനുമാണ് സൗദിയുടെ ശ്രമം. സമ്പൂർണ പരിവർത്തന പദ്ധതിയായ വിഷൻ 2030 ലെ ലക്ഷ്യങ്ങളിൽ മുഖ്യമായ ഒന്ന് സ്ത്രീ ശാക്തീകരണവും അവരുടെ ഉന്നമനവുമാണ്. തൊഴിലെടുക്കാനും ഡ്രൈവ് ചെയ്യാനും യാത്രകൾ ചെയ്യാനും പുരുഷന്മാരുടെ അനുമതി ആവശ്യമില്ലാത്ത വിധത്തിലുള്ള നിയമം നടപ്പാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ നിയമ പരിരക്ഷയൊരുക്കിയുള്ള നടപടികൾ വേണമെന്നാണ് മനുഷ്യാവകാശ കമീഷൻ വ്യക്തമാക്കുന്നത്. ജനങ്ങൾക്കിടയിൽ വനിതകളുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധം സമൂഹത്തിന് ഉണ്ടാക്കിയെടുക്കാനും പുതിയ നടപടികൾ വഴിവെക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

