യു.എൻ.ആർ.ഡബ്ല്യു.എ ആസ്ഥാനം പൊളിച്ച നടപടി; ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധവുമായി സൗദി
text_fieldsറിയാദ്: അധിനിവേശ കിഴക്കൻ ജറൂസലമിലെ ശൈഖ് ജറാഹ് പരിസരത്തുള്ള യു.എൻ ഫലസ്തീൻ അഭയാർഥി ദുരിതാശ്വാസ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ആസ്ഥാനം ഇസ്രായേൽ സേന പൊളിച്ചുമാറ്റിയ നടപടിയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും കാറ്റിൽപറത്തിക്കൊണ്ടുള്ള ഇസ്രായേലിെൻറ ഈ നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ തുടരുന്നത്. ദുരിതാശ്വാസ സംഘടനകൾക്ക് നേരെ ആസൂത്രിതമായി നടത്തുന്ന കുറ്റകൃത്യങ്ങളെ രാജ്യം ശക്തമായി തള്ളിക്കളയുന്നു.
അന്താരാഷ്ട്ര ഏജൻസികളെ ലക്ഷ്യം വെച്ചുള്ള ഇസ്രായേലിെൻറ ഇത്തരം കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് സൗദി ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് അത്താണിയാകുന്ന യു.എൻ.ആർ.ഡബ്ല്യു.എയുടെ മാനുഷിക ദൗത്യങ്ങൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ദുരിതാശ്വാസ ഏജൻസികൾ, അവരുടെ ജീവനക്കാർ, കെട്ടിടങ്ങൾ എന്നിവക്ക് പൂർണ സംരക്ഷണം നൽകാൻ ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ശൈഖ് ജറാഹിലെ യു.എൻ ആസ്ഥാനം പിടിച്ചെടുത്ത് പകരം അവിടെ അനധികൃത കുടിയേറ്റ കേന്ദ്രം പണിയാനുള്ള ഇസ്രായേൽ നീക്കം നേരത്തെ തന്നെ വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

