മസ്ജിദുൽ ഹറാമിൽ ഇനി വഴിതെറ്റില്ല; സൗദി വിപുലീകരണ ഭാഗത്തെ കവാടങ്ങൾക്ക് നമ്പറുകൾ നൽകിത്തുടങ്ങി
text_fieldsമസ്ജിദുൽ ഹറാമിലെ സൗദി വിപുലീകരണ ഭാഗത്തെ കവാടങ്ങളിൽ നമ്പറുകൾ സ്ഥാപിച്ചപ്പോൾ
മക്ക: വിശുദ്ധ ഹറമിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും പ്രവേശനവും തിരിച്ചറിയലും സുഗമമാക്കുന്നതിനായി പുതിയ പരിഷ്കാരവുമായി ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി. മൂന്നാം സൗദി വിപുലീകരണ ഭാഗത്തെ 92 കവാടങ്ങൾക്ക് പുതിയ നമ്പറുകൾ നൽകുന്ന പദ്ധതിക്ക് അതോറിറ്റി തുടക്കം കുറിച്ചു.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പള്ളിക്കുള്ളിലെയും മുറ്റങ്ങളിലെയും ആൾക്കൂട്ട നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കുന്നതിനുമാണ് ഈ നീക്കം.
92 പുതിയ സൈൻ ബോർഡുകളാണ് വാതിലുകൾക്ക് അരികിൽ സ്ഥാപിച്ചത്. ഹറമിന്റെ തനിമയും ഗാംഭീര്യവും ചോർന്നുപോകാത്ത വിധം ആകർഷകമായ രീതിയിലാണ് ബോർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിെൻറ വാസ്തുവിദ്യാ ഭംഗിക്ക് അനുയോജ്യമായ രീതിയിൽ വ്യക്തമായ നമ്പറിങ് ഉറപ്പാക്കുന്നതാണ് ബോർഡുകൾ. വൻ തിരക്കുള്ള സമയങ്ങളിൽ തങ്ങൾ നിൽക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കാനും കൂട്ടംതെറ്റിപ്പോയാൽ പെട്ടെന്ന് കണ്ടെത്താനും ഈ നമ്പറുകൾ സഹായിക്കും.
തീർഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് അതോറിറ്റി മുൻഗണന നൽകുന്നത്. കവാടങ്ങൾ കൃത്യമായി തിരിച്ചറിയുന്നത് സന്ദർശകർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ അനുഭവം സമ്മാനിക്കുമെന്നും ജനറൽ അതോറിറ്റി വക്താവ് പറഞ്ഞു. റമദാൻ ഉൾപ്പെടെയുള്ള വലിയ തിരക്ക് അനുഭവപ്പെടുന്ന സീസണുകൾക്ക് മുന്നോടിയായി തീർഥാടകർക്ക് ഹറമിനുള്ളിലെ സഞ്ചാരം കൂടുതൽ എളുപ്പമാക്കാൻ ഈ പദ്ധതി വലിയ സഹായമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

