പുകവലി വ്യാപനം കുറക്കാനുള്ള ഉൽപന്ന നിർമാണത്തിന് സൗദിയിൽ പുതിയ കമ്പനി
text_fieldsറിയാദ്: പുകവലി വ്യാപനം കുറക്കാനും രാജ്യത്ത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ‘ബദാഇൽ’ എന്ന പേരിൽ സൗദിയിൽ പുതിയ കമ്പനി പ്രഖ്യാപിച്ചു. ലോക പുകയിലവിരുദ്ധ ദിനമായ മേയ് 31 നോടനുബന്ധിച്ചാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ സ്ഥാപിതമാകുന്ന കമ്പനിയുടെ പ്രഖ്യാപനം.
പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് പുതിയ സംരംഭമെന്ന് പി.ഐ.എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കമ്പനിയുടെ ഉൽപന്നങ്ങൾ 2032ഓടെ ഏകദേശം 10 ലക്ഷം ആളുകളെ പുകവലിയിൽനിന്ന് പിന്മാറാൻ സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇത് സൗദി അറേബ്യയിലെ മൊത്തം പുകവലിക്കാരിൽ ഏകദേശം 25 ശതമാനം വരുമെന്ന് പി.ഐ.എഫ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 2032ഓടെ ആരോഗ്യപരിപാലന ചെലവുകളിൽ 600 കോടി ഡോളറിലധികം ഏറ്റെടുക്കാൻ പുതിയ സംരംഭത്തിന് കഴിയും.
ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നത് കൂടാതെ അസംസ്കൃത വസ്തുക്കൾ, ഉൽപന്നത്തെക്കുറിച്ചുള്ള അറിവ് എന്നിവയുടെ കൈമാറ്റത്തിനും പുതിയ കമ്പനി വഴിവെക്കും. ദീർഘകാലാടിസ്ഥാനത്തിൽ പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് നിക്കോട്ടിൻ രഹിത ഉൽപന്നങ്ങൾ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്പനി സ്ഥാപിക്കുന്നത്.
ഈ വർഷാവസാനത്തോടെ സൗദി അറേബ്യയിലുടനീളം പുകവലിക്കാരെ ഉദ്ദേശിച്ച് നിക്കോട്ടിൻ രഹിത ഉൽപന്നങ്ങൾ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മികച്ച നിലവാരത്തിലുള്ള അത്തരം ഉൽപന്നങ്ങൾ സൗദിയിൽതന്നെ നിർമിക്കുമെന്നും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി.
പുകവലി നിയന്ത്രിക്കുകയും ജനജീവിതം ആരോഗ്യകരമാക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ഉൽപാദനം പ്രാദേശികവത്കരിക്കാനും സാമ്പത്തിക പരിവർത്തനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വേണ്ടി കൂടിയുള്ളതാണെന്ന് പി.ഐ.എഫ് വിശദീകരിച്ചു.