ഏറ്റവും വലിയ ‘ഓണററി ഷീൽഡ്’ സൗദി പൊതുവിനോദ അതോറിറ്റിക്ക് ഗിന്നസ് റെക്കോഡ്
text_fieldsസൗദി പൊതുവിനോദ അതോറിറ്റി ‘കിങ്ഡം ജോയ് അവാർഡി’ന്റെ ഭാഗമായി ഒരുക്കിയ ഓണററി ഷീൽഡ്, 2. ഗിന്നസ് ബുക്ക് അധികൃതർ സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഓണററി ഷീൽഡ് (അവാർഡ് ശിൽപ)വുമായി സൗദി പൊതുവിനോദ അതോറിറ്റി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ പ്രവേശിച്ചു. ലോകത്ത് വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ‘കിങ്ഡം ജോയ് അവാർഡി’ന്റെ ഭാഗമായാണ് 15.13 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ ഓണററി ഷീൽഡ് അതോറിറ്റി ഒരുക്കിയത്. അവാർഡ് സമർപ്പണ ചടങ്ങിൽ ഈ ഷീൽഡ് പ്രദർശിപ്പിച്ചു.
സൗദിയിലെയും അറബ് ലോകത്തേയും രാജ്യാന്തര തലത്തിലെയും കലാപ്രതിഭകളുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച റിയാദ് ബോളിവാഡിലെ എ.എൻ.ബി അരീന സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പുതിയ നേട്ടം പ്രഖ്യാപിച്ചത്. ഗിന്നസ് പ്രതിനിധി ഔദ്യോഗിക സർട്ടിഫിക്കറ്റ് അതോറിറ്റി അധികൃതർക്ക് സമ്മാനിച്ചു. വിനോദ മേഖലകളിൽ ആഗോള നേതൃത്വത്തിൽനിന്നു അതോറിറ്റിക്ക് ലഭിക്കുന്ന തുടർച്ചയായ നേട്ടത്തെ പ്രതിഫലിപ്പിക്കുന്നതാണിത്.
സർഗാത്മകതയുടെയും മികവിന്റെയും കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ലോകോത്തര പരിപാടികൾ സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യയുടെ അസാധാരണമായ കഴിവുകൾ ഉയർത്തിക്കാട്ടുന്നതിനുള്ള കാഴ്ചപ്പാട് ഈ ഷീൽഡ് ഉൾക്കൊള്ളുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി.
പൊതുവിനോദ അതോറിറ്റി സമീപ വർഷങ്ങളിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജോയ് അവാർഡ്സ് ‘സൗദി വിഷൻ 2030’ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ ഭാഗമാണ്. അറബ് ലോകത്തും പുറത്തും നിന്നുള്ള താരങ്ങളെ ഒരുമിച്ച് കൂട്ടുന്ന ചടങ്ങാണിത്.
ഇപ്പോൾ നാലാം വർഷമാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. രാജ്യത്തെ ഒരു പ്രധാന സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമായി സ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

