സൗദിയിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്
text_fieldsറിയാദ്: 2026െൻറ ആദ്യ പാദത്തിൽ സൗദി അറേബ്യയിലെ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. ടൂറിസം മന്ത്രാലയം പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 2.89 കോടി ആഭ്യന്തര വിനോദസഞ്ചാരികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 16 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
സന്ദർശകരുടെ എണ്ണത്തിനൊപ്പം ടൂറിസം വഴിയുള്ള വരുമാനത്തിലും വർധനവുണ്ടായിട്ടുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികളുടെ ആകെ ചെലവ് എട്ട് ശതമാനം വർധിച്ച് 34,70 കോടി സൗദി റിയാലിൽ എത്തി. പ്രാദേശികമായ ഏറ്റക്കുറച്ചിലുകൾക്കിടയിലും കൈവരിച്ച ഈ നേട്ടം, സൗദി ടൂറിസം മേഖലയുടെ കരുത്തും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുമാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വിപണിയിലെ സ്ഥിരതയും വിനോദസഞ്ചാരികളുടെ തുടർച്ചയായ ഒഴുക്കും ഈ മേഖലക്ക് കൂടുതൽ കരുത്തേകുന്നു.
ഹോസ്പിറ്റാലിറ്റി മേഖലയിലും മികച്ച മുന്നേറ്റമാണ് ദൃശ്യമാകുന്നത്. 2026 ആദ്യ പാദത്തിൽ രാജ്യത്തെ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെ ശരാശരി താമസം 59 ശതമാനമായി ഉയർന്നു. ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയ സ്ഥലങ്ങളിൽ 82 ശതമാനം ഒക്യുപൻസി നിരക്കോടെ മദീനയാണ് ഒന്നാം സ്ഥാനത്ത്. 60 ശതമാനം നിരക്കുമായി മക്ക രണ്ടാം സ്ഥാനത്തും 59 ശതമാനവുമായി ജിദ്ദ മൂന്നാം സ്ഥാനത്തുമുണ്ട്. സൗദി ടൂറിസം വിപണിയുടെ ശക്തിയും വളർച്ചാ പാത നിലനിർത്താനുള്ള കഴിവും ഈ സൂചകങ്ങൾ പ്രതിഫലിപ്പിക്കുന്നതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
2026െൻറ ആദ്യ പാദത്തിലെ എല്ലാ സൂചകങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ റിപ്പോർട്ട് മന്ത്രാലയം തയ്യാറാക്കി വരികയാണ്. ഇത് ഉടൻ തന്നെ മന്ത്രാലയത്തിെൻറ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

