സൗദിയിൽ വാണിജ്യ മേഖലയിൽ വൻ കുതിപ്പ്; 2026-െൻറ ആദ്യ പകുതിയിൽ 2.74 ലക്ഷത്തിലധികം ലൈസൻസുകൾ നൽകി
text_fieldsസൗദി നഗരസഭ, പാർപ്പിട മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളിലും പ്രാദേശിക ഗവർണറേറ്റുകളിലും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വൻ ഉണർവ് ലഭിക്കുന്നതായി റിപ്പോർട്ട്. 2026-െൻറ ആദ്യ പകുതിയിൽ രാജ്യത്തുടനീളം 2,74,000-ലധികം വാണിജ്യ ലൈസൻസുകൾ അനുവദിക്കുകയും പുതുക്കി നൽകുകയും ചെയ്തതായി നഗരസഭ, പാർപ്പിട മന്ത്രാലയം അറിയിച്ചു. വിപണിയിലെ ശക്തമായ ചലനാത്മകതയും വ്യവസായ രംഗത്തെ വളർച്ചയുമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ കാലയളവിൽ 97,000-ലധികം പുതിയ ലൈസൻസുകൾ അനുവദിച്ചപ്പോൾ 1,77,000-ലധികം ലൈസൻസുകൾ പുതുക്കി നൽകിയതായി മന്ത്രാലയ വക്താവ് മുഹമ്മദ് അൽ റസാസ്മ വ്യക്തമാക്കി. ലളിതവും വേഗത്തിലുള്ളതുമായ ഡിജിറ്റൽ നടപടിക്രമങ്ങളിലൂടെ ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്താനും സ്ഥാപനങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തനം തുടരാനും സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ മേഖലയുടെ വിവിധ ആവശ്യങ്ങൾ മുൻനിർത്തി വിപുലമായ സേവനങ്ങളാണ് മന്ത്രാലയം ലഭ്യമാക്കിയത്. ഇതിെൻറ ഭാഗമായി 91,000-ലധികം ലൈസൻസ് ഭേദഗതികളും, 43,000-ലധികം പുതിയ വാണിജ്യ പ്രവർത്തനങ്ങൾ ലൈസൻസുകളിൽ കൂട്ടിച്ചേർക്കലും, 39,000-ലധികം ഉടമസ്ഥാവകാശ കൈമാറ്റങ്ങളും പൂർത്തിയാക്കാൻ സാധിച്ചു.
നഗരസഭാ ലൈസൻസിങ് സംവിധാനങ്ങൾ നവീകരിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിത്. നിക്ഷേപകർക്ക് വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ‘ബലദി’ ഡിജിറ്റൽ പ്ലാറ്റ്ഫോം നിർണായക പങ്കാണ് വഹിക്കുന്നത്.
സൗദി നഗരങ്ങളിലെ ആകർഷകമായ നിക്ഷേപ അന്തരീക്ഷവും സ്വകാര്യ മേഖലയെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ വിജയവുമാണ് ലൈസൻസുകളുടെ എണ്ണത്തിലെ ഈ നിരന്തരമായ വളർച്ച സൂചിപ്പിക്കുന്നത്. ഇത് സുസ്ഥിര സാമ്പത്തിക വികസനത്തിനും ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായകരമാകുമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ബിസിനസ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്ഥാപന ഉടമകൾ ‘ബലദി’ പ്ലാറ്റ്ഫോമിെൻറ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

