സാങ്കേതികവിദ്യ തൊഴിലാളികൾക്ക് പകരമാവില്ല, ടൂറിസം മേഖലയിൽ മനുഷ്യവിഭവശേഷിക്ക് മുൻഗണന നൽകുമെന്ന് സൗദി
text_fieldsസൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ് 2026-ലെ ദാവോസ് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ‘സൗദി ഹൗസിൽ’ സംസാരിക്കുന്നു
റിയാദ്: ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളിൽ സാങ്കേതികവിദ്യയേക്കാൾ മുൻഗണന മനുഷ്യവിഭവശേഷിക്കാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ്. ഭാവിയിലെ ടൂറിസം പദ്ധതികളുടെ യഥാർത്ഥ മൂലക്കല്ല് പൗരന്മാരിൽ നടത്തുന്ന നിക്ഷേപമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2026-ലെ ദാവോസ് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ‘സൗദി ഹൗസിൽ’ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യകേന്ദ്രീകൃത ടൂറിസമാണ് വികസിപ്പിക്കൂ. സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലാളികളെ മാറ്റിസ്ഥാപിക്കാൻ ഉദ്ദേശ്യമില്ല. പകരം, യുവാക്കൾക്ക് കൂടുതൽ നിയമനം നൽകി മനുഷ്യർ നയിക്കുന്ന ടൂറിസം പദ്ധതികൾ വികസിപ്പിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ടൂറിസം മേഖലയെ ‘വിഷൻ 2030’ മുൻപന്തിയിൽ നിർത്തിയിരിക്കുന്നു.
റെഡ് സീ, ഖിദ്ദിയ തുടങ്ങിയ മെഗാ പദ്ധതികളെ പിന്തുണയ്ക്കാൻ റിയാദിൽ വമ്പൻ ടൂറിസം പരിശീലന സ്കൂൾ സ്ഥാപിക്കും. അന്താരാഷ്ട്ര തലത്തിലുള്ള പരിശീലനത്തിനായി പ്രതിവർഷം 10 കോടി ഡോളർ ഭരണകൂടം നീക്കിവെച്ചിട്ടുണ്ട്. ടൂറിസം മേഖലയുടെ വളർച്ച നയിക്കുന്നത് സ്വകാര്യ സംരംഭങ്ങളാണ്. നിയമനിർമാണം, നിയന്ത്രണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ മാത്രമാണ് ഗവൺമെൻറ് പരിമിതപ്പെട്ടിരിക്കുന്നത്.
ആഗോള ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി ചേർന്ന് റിയാദിൽ ആരംഭിച്ച ആദ്യത്തെ അറബ് ഓഫിസ് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെ ആകെ തൊഴിലിന്റെ 10 ശതമാനവും ടൂറിസം മേഖലയിൽ നിന്നാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നിലവിൽ ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിമാന സർവിസുകളുടെ ലഭ്യതയാണെന്ന് അൽഖതീബ് പറഞ്ഞു. സൗദിയിൽ പുതുതായി 1.5 ലക്ഷം ഹോട്ടൽ മുറികൾ നിർമാണത്തിലാണ്. എന്നാൽ വികസിച്ചുവരുന്ന ടൂറിസം ആവശ്യങ്ങൾക്കനുസരിച്ച് വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഏഴ് മുതൽ എട്ട് വർഷം വരെ സമയം എടുത്തേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

