സിറിയയിലെ വിദേശയിടപെടൽ അംഗീകരിക്കാനാവില്ലെന്ന് സൗദി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറാ, സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: സിറിയയിലെ വിദേശ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറായുമായി ഫോണിൽ സംസാരിക്കവേയാണ് കിരീടാവകാശി ഉറച്ച നിലപാട് ആവർത്തിച്ചത്. രാജ്യത്ത് ഭിന്നത വിതക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള ഏതൊരു ശ്രമവും തടയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സിറിയയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ബഹുമാനിക്കാൻ ലോകത്തിന് ബാധ്യതയുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
സിറിയൻ വിഷയത്തിൽ യു.എസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെയും ആഭ്യന്തര കാര്യങ്ങളിൽ ഇസ്രായേൽ നടത്തുന്ന ഇടപെടലുകളെയും സൗദി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണങ്ങൾ തടയേണ്ടതിന്റെയും സുരക്ഷ കൈവരിക്കുന്നതിനും നിയമവാഴ്ച മേഖലയിലുടനീളം വ്യാപിപ്പിക്കുന്നതിന് സിറിയൻ സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങൾ നടത്തേണ്ടതിന്റെയും ആ രാജ്യത്തെ ഐക്യം സംരക്ഷിക്കുകയും സിവിൽ സമാധാനം കൈവരിക്കുകയും ചെയ്യേണ്ടതിന്റെയും പ്രധാന്യം വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. സിറിയയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി അമേരിക്ക നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

