പുതിയ നിയമവുമായി മാനവിഭവശേഷി മന്ത്രാലയം
text_fieldsറിയാദ്: തൊഴിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ വിദേശതൊഴിലാളികളെ ഉന്നത വൈദഗ്ധ്യം, നൈപുണ്യം, അടിസ്ഥാന പരിജ്ഞാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഇനി വർക്ക് പെർമിറ്റ് അനുവദിക്കുകയെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽ റാജ്ഹിയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
തൊഴിൽ നൈപുണ്യത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും പ്രായോഗിക പരിചയത്തിന്റെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തിലുള്ള തരം തിരിവ് പ്രകാരം മൂന്നാമത്തെ അടിസ്ഥാന വിഭാഗത്തിൽപെടുന്നവർക്ക് 60 വയസ്സുകഴിഞ്ഞാൽ ജോലി നഷ്ടപ്പെടും. കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരമാണ് തരംതിരിവ്.
രണ്ട് ഘട്ടങ്ങളായാണ് പുതിയ നിയമം നടപ്പാക്കുക. ഈ വർഷം ജൂലൈ ആറു മുതൽ ആരംഭിച്ച ആദ്യഘട്ടത്തിൽ നിലവിൽ രാജ്യത്തുള്ള തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ ശമ്പളത്തിന്റെയും ജോലിയുടെയും അടിസ്ഥാനത്തിൽ തരംതിരിക്കും. ആഗസ്റ്റ് മൂന്നു മുതലുള്ള രണ്ടാം ഘട്ടത്തിൽ സൗദിയിൽ പുതുതായി എത്തുന്നവർക്കുള്ള വർക്ക് പെർമിറ്റുകളാണ് തരംതിരിക്കുക. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഒരു വിഭാഗത്തിൽനിന്ന് അടുത്ത വിഭാഗത്തിലേക്ക് മാറാൻ സാധിക്കും. തരംതിരിക്കൽ സംവിധാനം മന്ത്രാലയത്തിന്റെ ‘ഖിവ’ പ്ലാറ്റ്ഫോമിലെ തൊഴിൽ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ലഭ്യമാകും.
ഇത് സംബന്ധിച്ച് മാർഗനിർദേശക ഗൈഡും പുറത്തിറക്കിയിട്ടുണ്ട്. ഉന്നത വൈദഗ്ധ്യ വിഭാഗം, നൈപുണ്യ വിഭാഗം, അടിസ്ഥാന വിഭാഗം എന്നിങ്ങനെയാണ് വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തുക. തസ്തികക്ക് ആവശ്യമായ അക്കാദമിക് യോഗ്യത, പ്രായോഗിക പരിചയം (എത്ര വർഷത്തെ പരിചയമെന്ന കണക്ക്), അക്രഡിറ്റേഷൻ പ്രോഗ്രാമുകളെയും തൊഴിലിന്റെ സ്വഭാവത്തെയും അടിസ്ഥാനമാക്കിയുള്ള പ്രഫഷനൽ ശേഷി, ശമ്പളം എന്നിവയാണ് മാനദണ്ഡങ്ങൾ. ഓരോ വിഭാഗത്തിനും പ്രത്യേക മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കണം, എത്ര വർഷത്തെ പ്രായോഗിക പരിചയം വേണം, ശമ്പളം എത്ര, പ്രഫഷനൽ വൈദഗ്ധ്യം എങ്ങനെ എന്നിങ്ങനെ മാനദണ്ഡങ്ങളിൽ വിഭാഗത്തിന് അനുസരിച്ച് മാറ്റം വരും.
ഉന്നത വൈദഗ്ധ്യ വിഭാഗം എന്ന വിഭാഗത്തിൽ മാനേജർമാർ, സ്പെഷലിസ്റ്റുകൾ, ടെക്നീഷ്യന്മാർ, അസിസ്റ്റന്റ് സ്പെഷ്യലിസ്റ്റുകൾ എന്നിവയാണ് ഉൾപ്പെടുക. ‘സൗദി ഏകീകൃത തൊഴിൽ വർഗീകരണ’ നിയമാവലി പ്രകാരം നിശ്ചയിച്ചിട്ടുള്ള അക്രഡിറ്റേഷൻ പ്രോഗ്രാമും പോയന്റ് സിസ്റ്റവും ഈ വിഭാഗത്തിൽപ്പെടുന്നവർ പാസാകണം. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ശമ്പളത്തേക്കാൾ കുറവായിരിക്കരുത്.
‘നൈപുണ്യ’ വിഭാഗത്തിലുള്ളവർ തൊഴിൽ വർഗീകരണ നിയമാവലിയിലെ നാലു മുതൽ എട്ടു വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടും. ശമ്പളം മന്ത്രാലയം നിശ്ചയിക്കുന്നതിനെക്കാൾ കുറവായിരിക്കരുത്. നിയുക്ത അക്രഡിറ്റേഷൻ പ്രോഗ്രാം പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
‘അടിസ്ഥാന’ വിഭാഗത്തിലുള്ളവർ വർഗീകരണ നിയമത്തിലെ ഒമ്പതാം ഗ്രൂപ്പിലാണ് ഉൾപ്പെടുക. നിർദിഷ്ട സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ മാനദണ്ഡങ്ങൾ പാലിക്കണം. ഈ വിഭാഗത്തിൽ തൊഴിലാളിക്ക് 60 വയസ്സ് കവിയാൻ പാടില്ല.
ഉന്നത നിലവാരമുള്ള മാനുഷികവിഭവ ശേഷിയെ ആകർഷിക്കുക, സൗദി ഏകീകൃത തൊഴിൽ വർഗീകരണവുമായി പൊരുത്തപ്പെടൽ വർധിപ്പിക്കുക, പ്രതിഭകളെ ആകർഷിക്കുന്നതിലൂടെ നവീകരണത്തെയും ഭാവി നിക്ഷേപത്തെയും പിന്തുണക്കുന്ന അന്തരീക്ഷം കെട്ടിപ്പടുക്കുക എന്നിവയിലൂടെ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുകയും സൗദി തൊഴിൽ വിപണിയിലേക്ക് വൈദഗ്ധ്യം കൈമാറുകയുമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

