Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകകപ്പിൽ ഇനി സൗദി...

ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’

text_fields
bookmark_border
ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’
cancel
camera_alt

2026 ലോകകപ്പിലേക്ക് യോഗ്യത നേടിയ സൗദി ടീമിന്റെ ആഹ്ളാദം

ജിദ്ദ: സൗദി ദേശീയ ഫുട്ബാൾ ടീം 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ചരിത്രംകുറിച്ചു. ചൊവ്വാഴ്ച രാത്രി ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി അൽഇൻമ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ യോഗ്യത മത്സരത്തിലെ ഗ്രൂപ് ബി അവസാന റൗണ്ടിൽ ഇറാഖിനെതിരെ ഗോൾരഹിത സമനില പാലിച്ചതോടെയാണ് സൗദി ദേശീയ ടീമായ ‘ഗ്രീൻ ഫാൽക്കൺസ്’ ലോകകപ്പ് ഫൈനൽസിലേക്കുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.

കളിയിൽ ഇരു ടീമുകൾക്കും നാല് പോയൻറ് വീതമായിരുന്നെങ്കിലും, ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ സൗദി മുന്നിലെത്തി യോഗ്യത നേടി. സൗദി ദേശീയ ടീമി​ന്റെ ചരിത്രത്തിൽ ഇത് ഏഴാംതവണയും തുടർച്ചയായ മൂന്നാംതവണയുമാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. 1994, 1998, 2002, 2006, 2018, 2022 ലോകകപ്പുകളിലാണ് നേരത്തെ സൗദി ടീം ബൂട്ടണിഞ്ഞത്.

സൗദി-ഇറാഖ് മത്സരത്തിൽ നിന്ന്

സൗദി-ഇറാഖ് മത്സരത്തിന്റെ ആദ്യ പകുതിയിൽ സൗദി ടീം മികച്ച ആധിപത്യം പുലർത്തി. സാലിഹ് അബു അൽഷാമത്ത്, സാലിം അൽദോസരി എന്നിവരുടെ ശക്തമായ ഷോട്ടുകൾ ഇറാഖ് പോസ്റ്റിന് പുറത്തേക്ക് പോയതോടെ ആദ്യ ഗോൾ നേടാനുള്ള അവസരങ്ങൾ നഷ്ടമായി. ഇറാഖ് ഗോൾകീപ്പറുമായി ഒറ്റക്ക് നിൽക്കുമ്പോൾ പാസ് നൽകാൻ ശ്രമിച്ചതിലൂടെ അബു അൽഷാമത്തിന് ഒരു സുവർണാവസരം നഷ്ടമായി.

രണ്ടാം പകുതിയുടെ തുടക്കത്തിലും സൗദിക്ക് അനുകൂലമായ അവസരങ്ങളുണ്ടായി. ഫിറാസ് അൽ ബ്രിക്കന് ക്രോസ് പിടിച്ചെടുക്കാനായില്ല. സഊദ് അബ്ദുൽ ഹമീദ് ഇറാഖ് ഗോൾ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. ഇറാഖ് ഗോൾകീപ്പർ ജലാൽ ഹസ്സന്റെ മികച്ച പ്രകടനം സൗദിയുടെ മുന്നേറ്റങ്ങൾക്ക് തടയിട്ടു. അബു അൽഷാമത്തിന്റെ ഷോട്ട് തടഞ്ഞ അദ്ദേഹം, സാലിം അൽദോസരി അടക്കമുള്ളവരുടെ പല ശ്രമങ്ങളെയും നിർവീര്യമാക്കി.

ഇറാഖ് ടീമിന് വേണ്ടി അമീർ അൽഅയ്യാരി എടുത്ത ഫ്രീ കിക്ക് സൗദി ഗോളിനടുത്തെത്തിയെങ്കിലും പാഴായി. പകരക്കാരനായി ഇറങ്ങിയ നവാഫ് ബുഷാൽ ഗോൾ നേടാൻ ലഭിച്ച അവസാന അവസരവും നഷ്ടപ്പെടുത്തി. മത്സരം കാണാൻ 60,816 കാണികളാണ് അൽഇൻമ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. ഏഷ്യയിലെ ഫുട്ബാൾ ശക്തികേന്ദ്രമെന്ന നിലയിൽ സൗദിയുടെ ആധിപത്യം തുടരുന്നതിന്റെ സ്ഥിരീകരണമാണ് ഈ നേട്ടം. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരം സാലിം അൽദോസരിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

ഗ്രീൻ ഫാൽക്കൺസിന്റെ ആക്രമണങ്ങൾക്ക് ആത്മവിശ്വാസത്തോടെ നേതൃത്വം നൽകിയ അദ്ദേഹം, ഇറാഖ് ഗോൾ പോസ്റ്റിന് മുന്നിൽ നിർണായകമായ അവസരങ്ങൾ സൃഷ്ടിച്ചു. പ്രധാന ടൂർണമെന്റെുകളിൽ ദേശീയ ടീമിനായുള്ള തന്റെ സ്ഥിരതയാർന്ന പ്രകടനം അദ്ദേഹം വീണ്ടും ആവർത്തിച്ചു. അടുത്തിടെയായി സൗദി ഫുട്ബാളിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളിൽ ഒരാളെന്ന നിലയിലുള്ള അൽ ദോസരിയുടെ സ്ഥാനം അദ്ദേഹം ഇതോടെ കൂടുതൽ ഉറപ്പിച്ചു.

അമ്മയുടെ മരണശേഷമുള്ള മത്സരം ആയതുകൊണ്ട് ഏറെ വൈകാരികമായിരുന്നു -സൗദി കോച്ച് ഹെർവെ റെനാർഡ്

സൗദി കോച്ച് ഹെർവെ റെനാർഡിന്റെ വിജയാഹ്ളാദം

സൗദി-ഇറാഖ് മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ സൗദി ടീമിന്റെ മുഖ്യ പരിശീലകൻ ഹെർവെ റെനാർഡ് സൗദി ആരാധകരെ അഭിനന്ദിച്ചു. ‘ആരാധകരെ ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഇത്രയും വലിയ ജനപങ്കാളിത്തം ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷെ അവർ ഞങ്ങൾ സങ്കൽപിച്ചതിലും അപ്പുറം അദ്ഭുതപ്പെടുത്തി’ -റെനാർഡ് പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായി ഇതിനെ കണക്കാക്കുന്നതായി അദ്ദേഹം പറഞ്ഞു.

‘ഈ മത്സരം വൈകാരികമായിരുന്നു, കാരണം എന്റെ അമ്മ കഴിഞ്ഞ ഫെബ്രുവരിയിൽ മരിച്ചു. അർജന്റീനക്കെതിരെ ഞങ്ങൾ വിജയിച്ചപ്പോൾ അമ്മ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞാൻ അവസാനമായി അമ്മയെ കണ്ടത് ജനുവരിയിലാണ്. ലോകകപ്പ് കാണാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല, പക്ഷെ നിങ്ങൾ സൗദി ദേശീയ ടീമിനൊപ്പം ഉണ്ടായിരിക്കണം എന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ചൊവ്വാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ അമ്മയെ ഓർക്കുകയും അങ്ങനെ പറയുകയും ചെയ്തത്’ റെനാർഡ് വികാരഭരിതനായി പറഞ്ഞു.

മത്സരത്തിലെ താരമായി കണക്കാക്കിയ സാലിം അൽദോസരിയെ റെനാർഡ് പ്രത്യേകമായി പ്രശംസിച്ചു. കായിക മന്ത്രി, സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ്, കളിക്കാർ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. ലോകകപ്പ് യോഗ്യത എളുപ്പമായിരുന്നില്ലെങ്കിലും സൗദി ടീം അത് നേടിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraq2026 fifa world cup footballSaudi Newsqualify for the World CupSaudi ArabiaHerve Renard
News Summary - Saudi Arabia roars at the World Cup: 'Green Falcons' qualify for third consecutive time
Next Story