യമൻ ഹദ്റമൗതിലെ ചരിത്രപ്രസിദ്ധമായ സൈഊൻ കൊട്ടാരം പുനരുദ്ധരിച്ച് സൗദി
text_fieldsയമൻ ഹദ്റമൗതിലെ ചരിത്രപ്രസിദ്ധമായ സൈഊൻ കൊട്ടാരം പുനരുദ്ധരിച്ചപ്പോൾ
റിയാദ്: യമന്റെ പൈതൃകവുമായി ചരിത്രസാക്ഷിയായി തലയുയർത്തിനിൽക്കുന്ന മനോഹര സൗധമായ ‘സൈഊൻ കൊട്ടാരം’ സൗദി അറേബ്യ പുനരുദ്ധരിച്ചു. സൗദി ഡെവലപ്മെന്റ് ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമൻ എന്ന പരിപാടിക്ക് കീഴിലാണ് പുനഃസ്ഥാപനം. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊട്ടാരത്തിന്റെ ആധികാരികത സംരക്ഷിക്കുന്നതിനായി സമഗ്രമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
യമൻ ഹദ്റമൗതിലെ ചരിത്രപ്രസിദ്ധമായ സൈഊൻ കൊട്ടാരം പുനരുദ്ധരിച്ചപ്പോൾ
അവഗണന, കനത്ത മഴ, യുദ്ധം എന്നിവ കാരണം ഗുരുതരമായ കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിലാണിത്. 15 വർഷമെടുത്ത് രൂപകൽപന ചെയ്ത സൈഊൻ കൊട്ടാരം ഒരു അതുല്യ വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്. യമൻ വാസ്തുവിദ്യയുടെ ആധികാരികതയെ ആകർഷണീയവും മനോഹരവുമായ രൂപകൽപന പ്രതിഫലിപ്പിക്കുന്നു. ചരിത്രപരവും സാംസ്കാരികവും സൗന്ദര്യാത്മകവുമായ മൂല്യങ്ങൾ കണക്കിലെടുത്ത് യമൻ നാണയത്തിന്റെ മുഖമുദ്രയായി മുമ്പ് തെരഞ്ഞെടുത്തതിൽനിന്ന് വ്യക്തമാകുന്ന ഉന്നതമായ പ്രതീകാത്മക പദവിയും കൊട്ടാരം നേടിയിട്ടുണ്ട്.
സൈഊനിന്റെ ഹൃദയഭാഗത്തുള്ള ഒരു പാറയുടെ മുകളിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ശിബാം, തരിം നഗരങ്ങളെ അഭിമുഖീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മണ്ണ് ഇഷ്ടിക കെട്ടിടങ്ങളിൽ ഒന്നാണിത്. യമനിൽ മാത്രമല്ല, ആഗോളതലത്തിലും ഒരു പ്രധാന ലാൻഡ്മാർക്കാണ് ഇത്. 45 വലിയ മുറികളും 14 സ്റ്റോറൂമുകളും ഉൾപ്പെടെ വ്യത്യസ്ത വലുപ്പത്തിലുള്ള 96 മുറികളുള്ള ഏഴ് നിലകളാണ് ഇതിലുള്ളത്. അതിൽ മറ്റു നിരവധി അനുബന്ധങ്ങളും ഉൾപ്പെടുന്നു.
ഇന്ന് കൊട്ടാരം ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നിരവധി പുരാവസ്തുക്കൾ, ഫോട്ടോഗ്രാഫുകൾ, അപൂർവ പുരാവസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു പുരാവസ്തു മ്യൂസിയമായി ഇതിന്റെ ഒരു ഭാഗം പ്രവർത്തിക്കുന്നു. ഗവേഷകർക്കും അറിവിൽ താൽപര്യമുള്ളവർക്കും സേവനം നൽകുന്ന ഒരു പൊതുലൈബ്രറിയും കൊട്ടാരത്തിലുണ്ട്.
സയൂൺ നഗരത്തെ സംരക്ഷിക്കുന്നതിനായി ഒരു കോട്ടയായിട്ടാണ് ഈ കൊട്ടാരം ആദ്യം നിർമിച്ചത്. എന്നാൽ കാലക്രമേണയും തുടർന്നുള്ള പരിഷ്കാരങ്ങളിലും മുൻകാലങ്ങളിൽ ഹദ്റമൗത് താഴ്വര ഭരിച്ചിരുന്ന കാതിരി രാജവംശത്തിലെ സുൽത്താന്മാരുടെ ഔദ്യോഗിക വസതിയായി ഇത് മാറി. അതിനാലാണ് ഇതിന് ‘കാതിരി സുൽത്താന്റെ കൊട്ടാരം’ എന്ന പേരും ലഭിച്ചത്. ഏകദേശം 5460 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിശാലമായ സ്ഥലത്താണ് ഇത് നിർമിച്ചത്.
പ്രാഥമിക വസ്തുവായി ചെളി ഇഷ്ടിക ഉപയോഗിച്ചു. അതിന്റെ രൂപകൽപനയിൽ വിവിധ വാസ്തുവിദ്യ ശൈലികൾ സംയോജിപ്പിച്ചിരുന്നു. അതിമനോഹരമായ ജ്യാമിതീയ രൂപങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ഇതെല്ലാം കൊട്ടാരത്തെ ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന സാംസ്കാരികവും കലാപരവുമായ വൈവിധ്യം നിറഞ്ഞ ലാൻഡ്മാർക്കായി പ്രതിഫലിപ്പിച്ചു. ചരിത്രപരമായ പ്രാധാന്യമുണ്ടെങ്കിലും കാലത്തിന്റെ കെടുതികളും പ്രകൃതി ഘടകങ്ങളുടെ സ്വാധീനവും ഈ സ്മാരകത്തെ രക്ഷിച്ചിട്ടില്ല. അവഗണനയും കനത്ത മഴയും കാരണം കൊട്ടാരത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
2022ൽ കൊട്ടാരത്തിന്റെ പുറം മതിലിന്റെ വലിയൊരു ഭാഗം തകർന്നു. ഇത് ഈ കെട്ടിടത്തിന്റെ ഗതിയെക്കുറിച്ച് വ്യാപകമായ ആശങ്കക്ക് കാരണമായി. ഇതോടെ കൊട്ടാരത്തിന്റെ സ്വത്വവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ ജനങ്ങളെയും അധികാരികളെയും പ്രേരിപ്പിച്ചു. യമൻ സർക്കാരിന്റെ അഭ്യർഥന മാനിച്ചും പുരാവസ്തുക്കൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ചും സൗദി വികസന, പുനർനിർമാണ പരിപാടി സൈഊൻ കൊട്ടാരം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതി ആരംഭിച്ചു. യുനെസ്കോ, സൗദി സാംസ്കാരിക മന്ത്രാലയം, യമനിലെ പുരാവസ്തുക്കൾ, മ്യൂസിയങ്ങൾക്കായുള്ള ജനറൽ അതോറിറ്റി, യമനിലെ വികസനത്തിനായുള്ള സോഷ്യൽ ഫണ്ട് എന്നിവ സൈഊൻ കൊട്ടാരം പുനഃസ്ഥാപിക്കുന്നതിൽ പങ്കാളിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

