ഹജ്ജ് 2025; ആഭ്യന്തര തീർഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു
text_fieldsറിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ സൗദിയിലെ ആഭ്യന്തര തീർഥാടകർക്കുള്ള നിബന്ധനകൾ ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന മുഴുവൻ തീർഥാടകരും നിബന്ധനകൾ പാലിക്കണം. മുമ്പ് ഹജ്ജ് നിർവഹിക്കാത്തവർക്ക് രജിസ്ട്രേഷനിൽ മുൻഗണന നൽകും.
‘മുഹറമി’നെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദി പൗരരുടെ ദേശീയ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വിദേശികളുടെ ഇഖാമ എന്നിവക്ക് ദുൽഹജ്ജ് മാസം 10ാം തീയതി വരെ സാധുതയുണ്ടായിരിക്കണം.
ഏകീകൃത പാക്കേജ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഹജ്ജിന് ഒപ്പംവരുന്നവരുടെ വിവരങ്ങളും രജിസ്ട്രേഷൻ സമയത്ത് ചേർക്കണം. ഒപ്പം പരമാവധി 14 പേരെ വരെ അനുവദിക്കും. മുൻകൂട്ടി റിസർവ് ചെയ്തുവെക്കാൻ അനുമതിയുണ്ട്. അപേക്ഷ നൽകുമ്പോൾ തെറ്റായ വിവരങ്ങൾ പൂരിപ്പിക്കരുത്.
അത് അപേക്ഷകന്റെയും ഒപ്പുമുള്ളവരുടെയും സുരക്ഷയെ അപകടത്തിലാക്കും. നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. തെറ്റായ വിവരമാണ് നൽകിയതെന്ന് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാവും. ഓൺലൈനായി വിവരങ്ങൾ നൽകുമ്പോൾ കാലതാമസം വരുത്തിയാലും രജിസ്ട്രേഷൻ തടയപ്പെടും. ഡ്യൂപ്ലിക്കേറ്റ് റിസർവേഷനുകളും റദ്ദാക്കപ്പെടും.
റിസർവേഷൻ റദ്ദാക്കുന്നത് ഹജ്ജ് പദ്ധതി ആരംഭിച്ചതിന് ശേഷമാണെങ്കിൽ അടച്ച തുക തിരികെ ലഭിക്കില്ല. ബന്ധപ്പെട്ട വകുപ്പുകൾ നിർദേശിക്കുന്ന ആരോഗ്യ, പ്രതിരോധ നിർദേശങ്ങൾ എന്നിവ കർശനമായി പാലിക്കണം.
പുണ്യസ്ഥലങ്ങൾക്കിടയിലും മക്ക, മദീന നഗരങ്ങൾക്കിടയിലും നീങ്ങുന്നതിനുള്ള നിർദ്ദിഷ്ട തീയതികളും സമയപരിപാടികളും, ബസ് യാത്ര, ഒത്തുചേരൽ സ്ഥലങ്ങൾ, രാത്രി തങ്ങൽ എന്നിവ സംബന്ധിച്ച നിർദേശങ്ങളും പാലിക്കണം.
അതുപോലെ സൗദിയിലേക്ക് വരുന്നതും തിരിച്ചുപോകുന്നതുമായ വിമാനയാത്രയെക്കുറിച്ചുള്ള നിർദേശങ്ങളും പാലിക്കണം. നിർദിഷ്ട തീയതികൾക്കനുസൃതമായി പുണ്യസ്ഥലങ്ങളിൽ (മശാഇറിൽ) തങ്ങാനുള്ള നിർദേശങ്ങൾ പാലിക്കണം. ‘നുസ്ക്’ പോർട്ടലും ആപ്ലിക്കേഷനും വഴി ഹജ്ജ് പെർമിറ്റ് പ്രിന്റ് ചെയ്ത് കൂടെകരുതണം.
ഹജ്ജ് വേളയിലുടനീളം ക്യു.ആർ കോഡുള്ള പെർമിറ്റ് കൈയിൽ കരുതണം. മറ്റുള്ളവരെ അത് ഉപയോഗിക്കാൻ അനുവദിക്കരുത്. ശേഷിക്കുന്ന ഹജ്ജ് ഫീസ് ഡിജിറ്റലായോ ‘നുസുക്’ ആപ്ലിക്കേഷൻ വഴിയോ അടക്കണം.
ഹജ്ജ് കരാറിന്റെ നിബന്ധനകളുടെ ലംഘനം സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി മുഹറം 15 ആണെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

