കുവൈത്ത് അതിർത്തിയിലെ ഇറാഖിന്‍റെ അവകാശവാദം തള്ളി സൗദി അറേബ്യ
text_fieldsറിയാദ്: കുവൈത്ത് അതിർത്തിയോട് ചേർന്നുള്ള സമുദ്രമേഖലയെ ചൊല്ലി ഇറാഖ് ഉന്നയിക്കുന്ന അവകാശവാദങ്ങളെ സൗദി അറേബ്യ ശക്തമായി തള്ളിക്കളഞ്ഞു. കുവൈത്തിന്‍റെ പരമാധികാരത്തെ മാനിക്കാനുള്ള ഉത്തരവാദിത്തം ഇറാഖിനുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിൽ ഇറാഖ് സമർപ്പിച്ച പുതിയ ഭൂപടത്തിൽ സൗദി-കുവൈത്ത് അതിർത്തി മേഖലയോട് ചേർന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയതിൽ സൗദി വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. നിലവിലെ അന്താരാഷ്ട്ര കരാറുകൾ പ്രകാരം ഈ മേഖലയിലെ പ്രകൃതി വിഭവങ്ങളിൽ സൗദി അറേബ്യക്കും കുവൈത്തിനും തുല്യ അവകാശമാണുള്ളത്. 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ ഉടമ്പടി പ്രകാരമാണ് ഈ അതിർത്തികൾ നിശ്ചയിച്ചിട്ടുള്ളത്.
ഇറാഖിന്‍റെ പുതിയ നീക്കം കുവൈത്തിന്‍റെ സമുദ്രമേഖലയിലെ പരമാധികാരത്തെയും ‘ഫഷ്ത് അൽ-ഗൈദ്’, ‘ഫഷ്ത് അൽ-ഈജ്’ തുടങ്ങിയ ജലപ്രദേശങ്ങളെയും ലംഘിക്കുന്നതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ‘വിഭജിത മേഖലയിലെ നിർദിഷ്ട അതിർത്തിക്കുള്ളിൽ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന യാതൊരു അവകാശവാദവും അംഗീകരിക്കില്ല. അന്താരാഷ്ട്ര ഉടമ്പടികളും ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ തീരുമാനങ്ങളും, പ്രത്യേകിച്ച് കുവൈത്ത്-ഇറാഖ് അതിർത്തി നിർണയിച്ച സുരക്ഷാ സമിതിയുടെ 833 (1993) എന്ന പ്രമേയവും പാലിക്കാൻ ഇറാഖ് ബാധ്യസ്ഥരാണ്’ -വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തർക്കങ്ങൾ പരിഹരിക്കുന്നതിന് വിവേകപൂർണമായ സംവാദങ്ങളുടെയും ചർച്ചകളുടെയും പാത സ്വീകരിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക മര്യാദകളും പാലിച്ച് ഉത്തരവാദിത്തത്തോടെ നീങ്ങാൻ ഇറാഖിനോട് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

