ജപ്പാനിൽനിന്ന് ‘എക്സ്പോ 2030’ പതാക സൗദി ഏറ്റുവാങ്ങി
text_fieldsറിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഇബ്രാഹിം അൽസുൽത്താൻ 'എക്സ്പോ 2030' പതാക സ്വീകരിക്കുന്നു
റിയാദ്: എക്സ്പോ 2030 പതാക റിയാദിന് ഔദ്യോഗികമായി കൈമാറി. ജപ്പാനിലെ ഒസാക്കയിൽ സമാപിച്ച എക്സ്പോ 2025 സമാപന ചടങ്ങിലാണ് ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ് പതാകയുടെ ഔദ്യോഗിക കൈമാറ്റം നടന്നത്. 2030ൽ ഒരു അസാധാരണ പ്രദർശനം സംഘടിപ്പിക്കുന്നതിനുള്ള തയാറെടുപ്പ് ഘട്ടത്തിന് തുടക്കംകുറിച്ച് ആതിഥേയത്വത്തിന്റെ ഉത്തരവാദിത്തങ്ങൾ സൗദിക്ക് ഔദ്യോഗികമായി കൈമാറുന്നതിന്റെ അടയാളമായാണ് ഈ നടപടി.
രണ്ട് വർഷത്തോളമായി 2030ലെ വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സൗദി നേടിയിട്ട്. സമാപന ചടങ്ങിൽ റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഇബ്രാഹിം അൽസുൽത്താൻ പതാക സ്വീകരിച്ചു. ചടങ്ങിൽ സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം, ജപ്പാനിലെ സൗദി അംബാസഡർ ഡോ. ഗാസി ബിൻ സഖർ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
എക്സ്പോ 2025ന്റെ സമാപന വേളയിൽ ജപ്പാനിൽ നിന്ന് റിയാദിലേക്ക് എക്സ്പോ 2030 പതാക കൈമാറ്റം റിയാദിൽ ലോകത്തെ ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് റിയാദ് റോയൽ കമീഷൻ സി.ഇ.ഒ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എക്സ്പോയുടെ അഭൂതപൂർവമായ പതിപ്പ് സംഘടിപ്പിക്കുന്നതിനുള്ള കൗണ്ട്ഡൗണിന്റെ തുടക്കമാണിത്.
ഭാവിയിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ ഈ പരിപാടി ഒരു പുതിയ ഘട്ടത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് എക്സ്പോ 20230 പതാക ഏറ്റെടുക്കുമ്പോൾ റിയാദിൽ ഒരു വ്യതിരിക്ത പതിപ്പ് അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് എക്സ്പോ 2030 സി.ഇ.ഒ തലാൽ അൽമർറി പറഞ്ഞു. ഇത് സുസ്ഥിരതയിലും നവീകരണത്തിലും പുതിയ ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരികയും പോസിറ്റീവും സുസ്ഥിരവുമായ ഒരു സ്വാധീനം സൃഷ്ടിക്കുകയും ചെയ്യുമെന്നും അൽമർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

