ഏഷ്യൻ കപ്പിന് 100 നാൾ മാത്രം; സൗദി ഒരുങ്ങി, ആവേശത്തിൽ ഫുട്ബാൾ ലോകം
text_fieldsറിയാദ്: 2027 ജനുവരി ഏഴിന് ആരംഭിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ പൂർണ സജ്ജമാണെന്ന് സൗദി ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി വ്യക്തമാക്കി. സൗദിയുടെ മണ്ണിൽ നടക്കുന്ന ആദ്യത്തെ ഏഷ്യൻ കപ്പ് ടൂർണമെന്റാണിത്. 24 ദേശീയ ടീമുകൾ കിരീടത്തിനായി മാറ്റുരയ്ക്കുന്ന മത്സരങ്ങളെ വരവേൽക്കുന്നതിനായി ആതിഥേയ നഗരങ്ങളിലും സ്റ്റേഡിയങ്ങളിലും സംഘാടന പ്രവർത്തനങ്ങളും ഒരുക്കങ്ങളും പുരോഗമിച്ചുകൊണ്ട് ഒരുക്കങ്ങൾ പ്രവർത്തന ഘട്ടത്തിലേക്ക് പ്രവേശിച്ചതായി കമ്മിറ്റി വ്യക്തമാക്കി.
ഏഷ്യൻ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പിനോട് അടുക്കുമ്പോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് സൗദി ഭരണാധികൾക്കും സർക്കാരിനും ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിക്കും സൗദി ഫുട്ബോൾ ഫെഡറേഷനും നന്ദി അറിയിക്കുന്നുവെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽഖലീഫ പറഞ്ഞു. വൻകരയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് നൂറ് ദിവസം മാത്രം ബാക്കിനിൽക്കെ, സമാനതകളില്ലാത്തതും ഉയർന്ന നിലവാരമുള്ളതുമായ ഒരു ടൂർണമെന്റ് സമ്മാനിക്കുന്നതിനുള്ള കൃത്യമായ പാതയിലാണ് സൗദി അറേബ്യ. സ്റ്റേഡിയങ്ങളുടെയും സൗകര്യങ്ങളുടെയും ഗുണനിലവാരം മുതൽ ഫുട്ബോൾ ആരാധകർക്ക് മികച്ച അനുഭവം നൽകുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. ജനുവരി മാസമാകുമ്പോഴേക്കും എല്ലാ ഒരുക്കങ്ങളും മികച്ച രീതിയിൽ പൂർത്തിയാകുമെന്നും ഈ ഏഷ്യൻ ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ സൗദി പൂർണ്ണ സജ്ജമായിരിക്കുമെന്ന് തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2027 ഏഷ്യൻ കപ്പിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതോടെ എല്ലാ ഒരുക്കങ്ങളും പരസ്പരം സമന്വയിപ്പിക്കപ്പെടുകയാണെന്നും എട്ട് സ്റ്റേഡിയങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൃത്യമായ പദ്ധതിയനുസരിച്ച് മുന്നോട്ട് പോകുന്നുവെന്നും ഏഷ്യൻ കപ്പ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി സി.ഇ.ഒ മേയ് അൽഹല്ലാബി പറഞ്ഞു. ആരാധകർ സൗദിയിൽ കാലുകുത്തുന്നത് മുതൽ തിരികെ മടക്കയാത്ര വരെയുള്ള സമയം മികച്ച അനുഭവമാക്കി മാറ്റുന്നതിനായി 50ലധികം ഏജൻസികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ട്. സൗദി ജനതയുടെ ആതിഥ്യമര്യാദയുടെ ഉത്തമ മാതൃകയായിരിക്കും ഇത്. ഈ ടൂർണമെന്റിനായുള്ള ഞങ്ങളുടെ വലിയ സ്വപ്നങ്ങളെയും പ്രമുഖ കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതിൽ രാജ്യത്തിനുള്ള കഴിവുകളെയും ഊർജ്ജത്തെയുമാണ് ഒരുക്കങ്ങളുടെ വ്യാപ്തി പ്രതിഫലിപ്പിക്കുന്നത്.
സൗദി അറേബ്യ നിലവിൽ ജിദ്ദയിൽ 'ഗൾഫ് കപ്പ് 27' ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇത് നമുക്ക് ഇന്ന് നേരിട്ട് കാണാൻ സാധിക്കുന്നുണ്ട്. കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിൽ സൗദിയുടെ സമ്പന്നമായ ചരിത്രത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്ന മറ്റൊരു പൊൻതൂവലാകുമെന്നും അൽഹല്ലാബി പറഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തിന് മുന്നോടിയായി വരുന്ന ദിവസങ്ങളിൽ വിവിധ പരിപാടികളും അനുബന്ധാഘോഷങ്ങളും തുടരുന്നതായിരിക്കും. മത്സരത്തിന് 100 ദിവസം മുമ്പുള്ള ഒരുക്കങ്ങളുടെ പ്രധാന നാഴികക്കല്ലുകൾ കാണിച്ചുകൊണ്ടുള്ള ഒരു ഡോക്യുമെന്ററി/ചിത്രം, ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദനം, ടൂർണമെന്റിന്റെ ഔദ്യോഗിക സൗണ്ട് ഐഡന്റിറ്റിയുടെ ലോഞ്ചിങ്, കൂടാതെ മറ്റ് നിരവധി പദ്ധതികളും പരിപാടികളും ഇതിലുൾപ്പെടുന്നുവെന്നും അൽഹല്ലാബിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

