ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ആശങ്കയോടെ കാണുന്നുവെന്ന് സൗദി; രാഷ്ട്രീയ പരിഹാരത്തിലെത്താൻ ശ്രമങ്ങൾ ഇരട്ടിയാക്കണം
text_fieldsറിയാദ്: അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതിനെ തുടർന്നുള്ള ഇറാനിലെ സംഭവവികാസങ്ങൾ സൗദി വളരെയധികം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിയൻ പരമാധികാരത്തിന്റെ ലംഘനത്തെ അപലപിച്ച് ഈ മാസം 13ന് പുറത്തിറക്കിയ പ്രസ്താവന ഞങ്ങൾ ആവർത്തിക്കുന്നു. സംയമനം പാലിക്കാനും സംഘർഷം ലഘൂകരിക്കാനും ആക്രമണം ഒഴിവാക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം.
ഈ അതീവ സെൻസിറ്റീവ് സാഹചര്യങ്ങളിൽ പ്രതിസന്ധിക്ക് അറുതി വരുത്തുന്നതും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിൽ ഒരു പുതിയ അധ്യായം തുറക്കുന്നതുമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താൻ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ശ്രമങ്ങൾ ഇരട്ടിയാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതേ സമയം ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് സൈന്യം നടത്തിയ ആക്രമണത്തെത്തുടർന്ന് സൗദിയുടെയും ഇതര അറബ് ഗൾഫ് രാജ്യങ്ങളുടെയും അന്തരീക്ഷത്തിൽ ഒരു റേഡിയോ ആക്ടീവ് ഫലവും കണ്ടെത്തിയിട്ടില്ലെന്ന് ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി അതോറിറ്റി ഞായറാഴ്ച രാവിലെ വ്യക്തമാക്കി.
ഇറാനും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലിെൻറ പത്താം ദിവസം ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക വൻതോതിലുള്ള ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള യു.എസ് ആക്രമണ പരമ്പരയെത്തുടർന്ന് ടെഹ്‌റാനിലെ ആണവ യുറേനിയം സമ്പുഷ്ടീകരണ സ്ഥാപനങ്ങൾ ‘പൂർണമായും നശിപ്പിക്കപ്പെട്ടു’ എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. സൗദിയിലെ അടിയന്തിര ഓപറേഷൻ കേന്ദ്രത്തിലെ പാരിസ്ഥിതിക വികിരണ നിരീക്ഷണ, മുൻകൂർ മുന്നറിയിപ്പ് സംവിധാനം നിരന്തരം നിരീക്ഷണ പ്രവർത്തനങ്ങൾ തുടരുന്നതായും കമ്മീഷൻ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

