ആഗോള തലത്തിൽ ഈന്തപ്പഴവിപണി സൗദിക്ക് സ്വന്തം; തുടർച്ചയായ നാലാംവർഷവും കയറ്റുമതിയിൽ ഒന്നാമത്
text_fieldsറിയാദ്: ഈന്തപ്പഴം കയറ്റുമതിയിൽ തുടർച്ചയായ നാലാം വർഷവും സൗദി ലോകത്ത് ഒന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര വ്യാപാര കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം തുടർച്ചയായ നാലാം വർഷവും ഈന്തപ്പഴ കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ പുതിയൊരു ആഗോള നേട്ടം കൈവരിച്ചിരിക്കയാണ്.
കഴിഞ്ഞ വർഷം രാജ്യത്തിന്റെ കയറ്റുമതി മൂല്യം 1.9 ശതകോടി റിയാലിലധികം (190 കോടിയിലധികം റിയാൽ) കവിഞ്ഞു. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഈന്തപ്പഴ വ്യവസായത്തിന്റെയും ഈന്തപ്പന കൃഷിയുടെയും വളർച്ചയെയും മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് കാർഷിക മേഖല നൽകുന്ന സംഭാവന വർധിപ്പിക്കുന്നതിലും ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിലുമുള്ള ഈ മേഖലയുടെ പങ്കിനെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.
ഭരണകൂടത്തിൽ നിന്ന് ഈന്തപ്പഴ മേഖലക്ക് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയും ശ്രദ്ധയുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ഈന്തപ്പഴത്തിന്റെയും ഈന്തപ്പന കൃഷിയുടെയും ദേശീയ കേന്ദ്രം സി.ഇ.ഒ അഹ്മ്മദ് അൽമൂസ വ്യക്തമാക്കി. വിതരണ ശൃംഖലകൾ വികസിപ്പിക്കുന്ന തിനും കയറ്റുമതി കാര്യക്ഷമത വർധിപ്പിക്കുന്നതിനും സൗദി ഈന്തപ്പഴങ്ങളുടെ ആഗോള വ്യാപനം വ്യാപിപ്പിക്കുന്നതിനുമായി സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള കൂട്ടായ പരിശ്രമങ്ങളും ഇതിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൗദി ഈന്തപ്പഴങ്ങളുടെ വൈവിധ്യവും ഗുണനിലവാരവും ഉൽപ്പാദനക്ഷമതയും ഈ ദേശീയ നേട്ടം പ്രതിഫലിപ്പിക്കുന്നു. ഈന്തപ്പഴ ഉൽപ്പാദനത്തിലും കയറ്റുമതിയിലും രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള ചില്ലറവ്യാപാര വിപണികളിൽ അതിന്റെ സാന്നിധ്യം വ്യാപിപ്പി ക്കുന്നുവെന്നും അഹ്മ്മദ് അൽമൂസ പറഞ്ഞു.
ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴ കയറ്റുമതി വ്യാപിപ്പിക്കുന്നതിനും ഈ നേട്ടം കൈവരിക്കുന്നതിലും 'സൗദി ഈന്തപ്പഴ കയറ്റുമതി ശാക്തീകരിക്കുന്നതിനും ആഗോള വിപണിയിൽ പ്രവേശിക്കുന്നതിനുമുള്ള സംരംഭം' ഒരു പ്രധാന അടിത്തറയായി വർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സൗദി ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം ലോകമെമ്പാടുമായി 125ൽ അധികമായി ഉയർന്നിട്ടുണ്ട്. ഉയർന്ന ഗുണനിലവാരവും വൈവിധ്യമാർന്ന ഇനങ്ങളും കാരണം സൗദി ഈന്തപ്പഴത്തിനുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഇത് ലോക മെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിരുചികളും നിറവേറ്റുകയും ചെയ്യുന്നു.
രാജ്യത്തെ ആകെ ഈന്തപ്പഴ ഉൽപ്പാദനം 19 ലക്ഷം ടൺ കവിഞ്ഞിട്ടുണ്ട്. ഇത് ഈന്തപ്പഴ കൃഷിയിലും ഉൽപ്പാദനത്തിലുമുള്ള സൗദിയുടെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നു. വിവിധ പ്രദേശങ്ങളിലായി 37 ദശലക്ഷത്തിലധികം ഈന്തപ്പനകളാണ് രാജ്യത്ത് ഉള്ളതെന്നും അൽമൂസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

