സൗദിയിൽ സെയിൽസ്, മാർക്കറ്റിങ് മേഖലകളിൽ സ്വദേശിവൽക്കരണം 60 ശതമാനമായി ഉയർത്തി
text_fieldsറിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സെയിൽസ്, മാർക്കറ്റിങ് തസ്തികകളിൽ സ്വദേശിവൽക്കരണം (നിതാഖാത്) 60 ശതമാനമായി ഉയർത്തി. ഞായറാഴ്ച (ഏപ്രിൽ 19) മുതൽ പ്രാബല്യത്തിൽ വന്നു. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച ഈ പുതിയ പരിഷ്കാരങ്ങൾ രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.
മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ ഇനി മുതൽ 60 ശതമാനവും സ്വദേശി ജീവനക്കാരായിരിക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുന്നത്. ഈ തസ്തികകളിൽ സ്വദേശി ജീവനക്കാരെ നിതാഖാത് പരിധിയിൽ ഉൾപ്പെടുത്തണമെങ്കിൽ അവർക്ക് കുറഞ്ഞത് 5,500 സൗദി റിയാൽ ശമ്പളം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ബാധകമായ തസ്തികകൾ:
1. മാർക്കറ്റിങ് വിഭാഗം: മാർക്കറ്റിങ് മാനേജർ, അഡ്വർടൈസിങ് ഏജൻറ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്, ഫോട്ടോഗ്രാഫർ തുടങ്ങി 10 തസ്തികകൾ.
2. സെയിൽസ് വിഭാഗം: സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് പ്രതിനിധി, ഹോൾസെയിൽ സെയിൽസ് പ്രതിനിധി, ഐടി ആൻഡ് കമ്യൂണിക്കേഷൻ ഡിവൈസ് സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റ്, കമ്മോഡിറ്റി ബ്രോക്കർ എന്നിവയുൾപ്പെടെയുള്ള തസ്തികകൾ.
മാർഗ്ഗനിർദ്ദേശങ്ങൾ
നിയമം നടപ്പാക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാർഗരേഖ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശിവൽക്കരണം കണക്കാക്കുന്ന രീതിയും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള ശിക്ഷാനടപടികളും ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. നിശ്ചിത സമയപരിധി അവസാനിച്ച സാഹചര്യത്തിൽ സ്ഥാപനങ്ങൾ നിയമം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
സൗദി വിഷൻ 2030-െൻറ ഭാഗമായും തൊഴിൽ വിപണിയിലെ തദ്ദേശീയരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്വദേശി പ്രാവീണ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

