ഫലസ്തീന് സൗദി സഹായമായി ഒമ്പത് കോടി ഡോളർ കൂടി നൽകി
text_fieldsസൗദി അംബാസഡർ അമീർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ ആലു സഊദ്, ഫലസ്തീൻ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഇസ്തിഫാൻ സലാമക്ക് സൗദി ഗ്രാൻറ് കൈമാറുന്നു
റിയാദ്: ഫലസ്തീൻ ട്രഷറിക്ക് സഹായമായി സൗദി അറേബ്യ ഒമ്പത് കോടി ഡോളർ കൂടി നൽകി. അമ്മാനിലെ സൗദി എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ജോർദാനിലെ സൗദി അംബാസഡറും ഫലസ്തീനിലെ നോൺ-റസിഡൻറ് അംബാസഡറുമായ അമീർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ ആലു സഊദ്, ഫലസ്തീൻ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഇസ്തിഫാൻ സലാമക്ക് സൗദി ഗ്രാൻറ് കൈമാറി. ഈ വർഷം തന്നെ മുമ്പും സൗദി സഹായം നൽകിയിരുന്നു. അതിന്റെ തുടർച്ചയാണിത്.
ഫലസ്തീൻ ജനതയെയും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ന്യായവും നിയമാനുസൃതവുമായ അവകാശങ്ങളെയും സൗദി അറേബ്യ പൂർണമായും പിന്തുണയ്ക്കുകയാണെന്നും അക്കാര്യത്തിൽ സൗദിയുടെ ഉറച്ചതും ചരിത്രപരവും നിരന്തരവുമായ പ്രതിബദ്ധതയാണുള്ളതെന്നും അംബാസഡർ അമീർ മൻസൂർ ബിൻ ഖാലിദ് ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ഗവൺമെൻറിന്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിൽ സഹായിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ താൽപര്യത്താലാണ് ഈ സഹായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്യന്തം പ്രയാസമേറിയ ഈ സാഹചര്യത്തിൽ സൗദി അറേബ്യയുടെ ഈ സഹായം സാമ്പത്തിക സ്ഥിരതയെ ശക്തിപ്പെടുത്തുമെന്ന് ഫലസ്തീൻ വൈസ് പ്രസിഡൻറ് ഹുസൈൻ അൽ ശൈഖ് പ്രസ്താവിച്ചു. ഫലസ്തീൻ ജനതയോടുള്ള സൗദിയുടെ ഉറച്ച നിലപാടുകളെയും അവകാശങ്ങൾക്കായുള്ള പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

