സിറിയയ്ക്ക് സൗദി വക പത്ത് ആംബുലൻസുകൾ കൂടി നൽകി
text_fieldsസിറിയയിലേക്ക് സൗദി അറേബ്യ എത്തിച്ച ആംബുലൻസുകൾ
റിയാദ്: സിറിയയ്ക്ക് ആധുനികവും പൂർണ്ണമായും സജ്ജീകരിച്ചതുമായ പത്ത് ആംബുലൻസുകൾ കൂടി സൗദി നൽകി. സിറിയൻ ജനതയെ സഹായിക്കുന്നതിനായി സൗദി ലാൻഡ് ബ്രിഡ്ജിന്റെ ഭാഗമായി കിങ് സൽമാൻ റിലീഫ് കേന്ദ്രമാണ് ഇത്രയും ആംബുലൻസുകൾ അയച്ചത്. അബ്ദുല്ല അൽ രാജ്ഹി ചാരിറ്റബിൾ ഫൗണ്ടേഷൻ നൽകുന്ന ആംബുലൻസുകൾ സിറിയൻ ആരോഗ്യ മന്ത്രാലയത്തിന് കൈമാറും. ഇതോടെ സൗദി അറേബ്യ സിറിയൻ സഹോദര ജനതയ്ക്ക് നൽകിയ ആംബുലൻസുകളുടെ എണ്ണം 30 ആയി. 2025ന്റെ തുടക്കം മുതൽ സിറിയൻ ജനതക്ക് കിങ് സൽമാൻ റിലീഫ് കേന്ദ്രം സൗദി വ്യോമ, കര ദുരിതാശ്വാസ പാലങ്ങളുടെ ഭാഗമായി നൽകിയ സഹായം 18 ദുരിതാശ്വാസ വിമാനങ്ങളിലും 839 ട്രക്കുകളിലും എത്തിയിട്ടുണ്ട്. 14000 ടണ്ണിലധികം ഭക്ഷണം, മെഡിക്കൽ, ഷെൽട്ടർ സാമഗ്രികൾ ഇതിലുൾപ്പെടും. കൂടാതെ സൗദി ഹോപ്പ് വളണ്ടിയർ പ്രോഗ്രാമിന്റെ ഭാഗമായി 1,738 ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. കൂടാതെ സാമ്പത്തിക ശാക്തീകരണത്തിനും മാനസിക പിന്തുണയ്ക്കുമുള്ള പരിശീലന പരിപാടികളും സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു. സിറിയക്ക് സൗദി നൽകുന്ന തുടർച്ചയായ പിന്തുണയുടെ വിപുലീകരണമാണ് ഈ സഹായം. വിവിധ പ്രതിസന്ധികളിലും പ്രയാസങ്ങളിലും സൗഹൃദ രാജ്യങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിലുള്ള സൗദിയുടെ പങ്കിന്റെ സ്ഥിരീകരണവുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

