സൗദിയിൽ വാടക നിയന്ത്രണ നിയമങ്ങൾ രാജ്യവ്യാപകമാക്കാൻ പദ്ധതി - സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി
text_fieldsജിദ്ദ: റിയാദ് നഗരത്തിൽ അടുത്തിടെ നടപ്പാക്കിയ വാടക വർധന അഞ്ചു വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി പഠനം നടത്തുന്നു. സൗദി നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സൂചകങ്ങൾ തങ്ങൾ നിരീക്ഷിച്ചു വരുന്നതായി അതോറിറ്റി വക്താവ് തയ്സീർ അൽമുഫർറജ് പറഞ്ഞു.
ഓരോ നഗരത്തിലെയും വിപണി നിലവാരവും നിരീക്ഷണ ഫലങ്ങളും അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക. ഇതുവഴി നഗരപ്രദേശങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക മൂല്യം സ്ഥിരപ്പെടുത്തും. ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള വഴികളും അതോറിറ്റി പഠിച്ചു വരികയാണ്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരമാണ് റിയാദിൽ വാടക വർധനവ് അഞ്ചു വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടകയിൽ സമീപ വർഷങ്ങളിൽ റിയാദ് നഗരത്തിൽ ഉണ്ടായിട്ടുള്ള അമിതമായ വർധനവ് മൂലമുള്ള വെല്ലുവിളികൾ പരിഹരിക്കുക എന്നതായിരുന്നു ഈ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം.
റിയാദിലെ നഗരപ്രദേശത്തുള്ള നിലവിലുള്ളതും പുതിയതുമായ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടകയുടെ മൊത്തം മൂല്യത്തിലുള്ള വാർഷിക വർധനവ് അഞ്ച് വർഷത്തേക്ക് തടയുന്ന പുതിയ നടപടി പണപ്പെരുപ്പം പരിമിതപ്പെടുത്താനും റിയൽ എസ്റ്റേറ്റ് വിതരണം വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. റിയാദിലെ വാടക വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് അഞ്ച് വർഷത്തേക്ക് വാടക സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുത്തതെന്നും, ഇത് വിതരണവും ഡിമാൻഡും സന്തുലിതമാക്കാനും റിയൽ എസ്റ്റേറ്റ് വിതരണം വർധിപ്പിക്കാനുമുള്ള പദ്ധതിക്ക് അനുസൃതമാണെന്നും അൽ-മുഫർറജ് വ്യക്തമാക്കി. 'ഈ കാലയളവ് വാടകക്കാർക്ക് അവരുടെ വാടക സ്ഥിരപ്പെടുത്താനും പെട്ടെന്നുള്ള വർധനവിൽ നിന്ന് അവരെ സംരക്ഷിക്കാനും അവസരം നൽകുന്നു. അതേ സമയം, ഇത് നിക്ഷേപകർക്ക് സുസ്ഥിരമായ അന്തരീക്ഷത്തിൽ ആത്മവിശ്വാസത്തോടെ ആസൂത്രണം ചെയ്യാൻ കഴിയുന്ന വ്യക്തത നൽകുന്നു.
' അദ്ദേഹം കൂട്ടിച്ചേർത്തു. വാടകക്കാരനും ഭൂവുടമയും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്ന നിയമപരമായ ചട്ടങ്ങൾ നടപ്പിലാക്കിയ ശേഷം നിരവധി നിയമ ലംഘനങ്ങൾ അതോറിറ്റി കണ്ടെത്തിയതായും അൽമുഫർറജ് അറിയിച്ചു. കെട്ടിടം ഒഴിയാനുള്ള അപേക്ഷകൾ, മൊത്തം വസ്തു മൂല്യം വർധിപ്പിക്കാനുള്ള അപേക്ഷകൾ, പ്ലാറ്റ്‌ഫോമിന് പുറത്തുള്ള പേയ്മെന്റുകൾ, ഇജാർ പ്ലാറ്റ്‌ഫോം വഴി കരാറുകൾ രേഖപ്പെടുത്തുന്നതിലെ വീഴ്ച എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിയമം ലംഘിക്കുന്ന എല്ലാവർക്കും മൊത്തം വാടക മൂല്യത്തിന്റെ 12 മാസത്തെ വാടക വരെ പിഴ ചുമത്തുമെന്നും, നിയമലംഘനം വെളിപ്പെടുത്തുന്നവർക്ക് കണ്ടെത്തിയ നിയമലംഘനത്തിന്റെ മൂല്യത്തിന്റെ 20 ശതമാനം വരെ പ്രോത്സാഹന സമ്മാനമായി നൽകുമെന്നും അൽ-മുഫർറജ് പറഞ്ഞു. വാടകക്കാർക്ക് വലിയ ആശ്വാസമാകുന്ന ഈ നിയന്ത്രണങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കുമോ എന്നറിയാൻ സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ കൂടുതൽ നിരീക്ഷണ ഫലങ്ങൾക്കായി കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

