ചുട്ടുപൊള്ളി സൗദി; ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണമെന്ന് ഹെൽത്ത് കൗൺസിൽ
text_fieldsയാംബു: വേനൽച്ചൂട് കടുത്തിരിക്കെ രാജ്യം ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിലേക്ക് കടന്നു. പുറംസ്ഥലങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് ഏർപ്പെടുത്തിയ ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണമെന്ന് നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷനൽ ഹെൽത്ത് കൗൺസിൽ ആവശ്യപ്പെട്ടു. ഉച്ചക്ക് 12 മുതൽ മൂന്നു വരെ തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ലെന്നതടക്കമുള്ള കർശന നിർദേശങ്ങൾ രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങൾക്ക് നൽകി.
വേനൽക്കാലം അവസാനിക്കു സെപ്തംബർ 15 വരെ തുടരുന്ന ഉച്ചജോലി നിരോധനം നിർബന്ധമായും പാലിക്കണം. ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം.
നിയമം ലംഘിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കും. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നടപടി സ്വീകരിക്കുക. വേനൽ കടുത്തതോടെ രാജ്യത്തെ ചില ഭാഗങ്ങളിൽ 50 ഡിഗ്രി സെൽഷസ് വരെയാണ് താപനില. ചിലയിടങ്ങളിൽ കടുത്ത ചൂടിനൊപ്പം പൊടിക്കാറ്റും കൂടി എത്തിയതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ.
സൂര്യതാപം നേരിട്ട് ഏൽക്കുന്ന പുറംതൊഴിലിൽ ഏർപ്പെടുന്ന ജോലിക്കാണ് ഉച്ചവിശ്രമ നിയമം ബാധകം. തൊഴിലാളികളുടെ ആരോഗ്യത്തിന് ഭീഷണിയാകുകയും ഉൽപ്പാദനക്ഷമത കുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത ഉഷ്ണമുള്ള സമയങ്ങളിൽ വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
സൂര്യപ്രകാശം നേരിട്ടേൽക്കുന്ന അന്തരീക്ഷത്തിൽനിന്നുള്ള ജോലി തൊഴിലാളികളെ ഗുരുതരമായ ആരോഗ്യ അപകടങ്ങളിലേക്ക് നയിക്കുമെന്ന് നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അധികൃതർ ചൂണ്ടിക്കാട്ടി. കടുത്ത ചൂടുള്ള സമയങ്ങളിൽ ജോലി ചെയ്താൽ ചൂട് സമ്മർദം, ഉൽപ്പാദനക്ഷമത കുറയൽ, തൊഴിൽപരമായ പരിക്കുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സൂര്യപ്രകാശം ദീർഘനേരം നേരിട്ടേൽക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും ക്ഷീണം, നാഡീവ്യവസ്ഥയുടെ തകരാറുകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും കൗൺസിൽ വിശദീകരിച്ചു.
സുരക്ഷനിർദേശങ്ങൾ കർശനമായി പാലിക്കുകയും നിരോധിതസമയങ്ങളിൽ ജോലി ചെയ്യുന്നത് ഒഴിവാക്കുകയും വേണം. തൊഴിലാളി സുരക്ഷ സംരക്ഷിക്കുകയും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം കൗൺസിൽ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

